ജിവികെയില്‍ കണ്ണുംനട്ട് ആക്ടിസ്

ലണ്ടന്‍| WEBDUNIA|
യുകെ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ഓഹരി നിക്ഷേപകരായ ആക്‍ടിസ് ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ ജിവികെസ് പവര്‍ ബിസിനസിലെ ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചു. 1,000 കോടി രൂപയുടെ ഓഹരികളാണ് ആക്‍ടിസ് സ്വന്തമാക്കുകയെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്ത ആറുമുതല്‍ എട്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാനും കരാര്‍ നടപ്പിലാക്കാനുമാണ് ഇരു കമ്പനികളുടെയും ശ്രമം. വളര്‍ന്നു വരുന്ന വിപണികള്‍ക്കായുള്ള തങ്ങളുടെ 750 മില്യണ്‍ ഡോളറിന്‍റെ ഫണ്ടില്‍ നിന്നായിരിക്കും ആക്‍ടിസ് നിക്ഷേപം നടത്തുക.

ആന്ധ്രാ പ്രദേശിലെ ജെഗുരുപാദുവിലെ വാതക പ്ലാന്‍റിന്‍റെ ക്ഷമത 264 മെഗാവാട്ടായി ഉയര്‍ത്തുന്നതും ഗൌതമി പവര്‍ പ്ലാന്‍റിന്‍റെ ക്ഷമത 1,264 മെഗാവാട്ടായി ഉയര്‍ത്തുന്നതും പഞ്ചാബില്‍ 600 മെഗാവാട്ട് കല്‍ക്കരി പ്ലാന്‍റ് നിര്‍മിക്കുന്നതും അടക്കം നിരവധി പദ്ധതികള്‍ ജിവികെസ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ടാറ്റ റിയാലിറ്റി ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ആക്‍ടിസ് ഇതിനകം തന്നെ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. റോഡ് നിര്‍മാണ മേഖലയിലേക്കായി 200 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചുകൊണ്ടാണ് ആക്‍ടിസ് ടാറ്റയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :