റേവയെ ജനറല്‍ മോട്ടോഴ്സ് കൈവിട്ടു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 27 മെയ് 2010 (17:14 IST)
ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ റേവയുമായുള്ള കരാറില്‍ നിന്ന് പിന്‍‌മാറിയതായി ജനറല്‍ മോട്ടോഴ്സ് അറിയിച്ചു. ജനറല്‍ മോട്ടോഴ്സ് വാഹനങ്ങളുടെ ഉള്‍പ്പെടെയുള്ളവയുടെ ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കാനായിരുന്നു കഴിഞ്ഞ വര്‍ഷം റേവയുമായി കമ്പനി കരാര്‍ ഒപ്പിട്ടത്. ജനറല്‍ മോട്ടോഴ്സിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തന വിഭാഗം മേധാവി കാള്‍ സ്ലിം ആണ് ഇക്കാര്യം അറിയിച്ചത്.

റേവയുമായുള്ള കരാറില്‍ നിന്ന് പിന്‍‌മാറാന്‍ രണ്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം റേവയിലെ അമ്പത്തിയഞ്ചിലധികം ശതമാനം ഓഹരികള്‍ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരാറില്‍ നിന്ന് പിന്‍‌മാറിയ വിവരം ജനറല്‍ മോട്ടോഴ്സ് പരസ്യപ്പെടുത്തിയത്.

ആഗോള തലത്തില്‍ സ്വന്തമായി ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജനറല്‍ മോട്ടോഴ്സ് ഏറെ മുന്നേറിക്കഴിഞ്ഞതായി കാള്‍ സ്ലിം സൂചിപ്പിച്ചു. ഈ സാഹചര്യത്തിലാണ് റേവയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഷെവര്‍ലെറ്റ് സ്പാര്‍ക്കിന്‍റെ ഇലക്ട്രിക് പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഷെവര്‍ലെറ്റ് വോള്‍ട്ട് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :