താപോര്‍ജ്ജമേഖലയില്‍ വിദേശപങ്കാളിത്തം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (11:32 IST)
തെര്‍മല്‍ പവര്‍ടെക് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ 49 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സെംപ് കോര്‍പ്പ് യൂട്ടിലിറ്റീസ് സ്വന്തമാക്കി. 1042 കോടി രൂപ വരുന്നതാണ് ഇടപാട്. രാജ്യത്തെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ വിദേശ പങ്കാളിത്തമാണ് ഇത്.

ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ കൃഷ്ണപട്ടണത്തില്‍ പുതിയ താപോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായാണ് ഇടപാട്. ആദ്യഘട്ടത്തില്‍ 1320 മെഗാവാട്ട് ഉല്‍‌പാദന ശേഷിയുള്ള പ്ലാന്‍റാണ് സ്ഥാപിക്കുക. കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും ആന്ധ്ര മുഖ്യമന്ത്രി കെ റോസയ്യയുടെയും സാന്നിധ്യത്തിലായിരുന്നു ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചത്.

അടിസ്ഥാന സൌകര്യ വികസന കമ്പനിയായ ഗായത്രി പ്രൊജക്ട്‌സിന്‍റെ അനുബന്ധസ്ഥാപനമായ ഗായത്രി എനര്‍ജി വെഞ്ച്വേഴ്സ് ലിമിറ്റഡുമായിട്ടാണ് സെംപ് യൂട്ടിലിറ്റീസ് കരാര്‍ ഒപ്പുവെച്ചത്. പ്ലാന്‍റിനായി 6,869 കോടി രൂപയാണ് തെര്‍മ്മല്‍ പവര്‍ടെക് കോര്‍പ്പറേഷന്‍ ഇന്ത്യ മുടക്കുക.

2640 മെഗാവാട്ട് ഉല്‍‌പാദനക്ഷമതയുള്ള പ്ലാന്‍റാണ് ലക്‍ഷ്യമിടുന്നത്. രണ്ടാം ഘട്ടമായി ഉല്‍‌പാദന ശേഷി 1320 മെഗാവാട്ട് കൂടി ഉയര്‍ത്തും. ഇന്ത്യയിലെ ഊര്‍ജ്ജമേഖലകളില്‍ കൂടുതല്‍ പങ്കാളിത്തത്തിന് താല്‍‌പര്യമുണ്ടെന്ന് സെംപ് കോര്‍പ്പ് ഗ്രൂപ്പ് പ്രസിഡന്‍റ് താങ് കിന്‍ ഫീ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :