പൈരാമല്‍ ഹെല്‍ത്ത്‌കെയര്‍ യു‌എസ് കമ്പനി ഏറ്റെടുത്തു

മുംബൈ| WEBDUNIA| Last Modified ശനി, 22 മെയ് 2010 (08:36 IST)
ഇന്ത്യന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ പൈരാമല്‍ ഹെല്‍ത്ത് കെയര്‍ യു‌എസ് ആസ്ഥാനമായുള്ള അബ്ബോട്ട് ലബോറട്ടറീസ് ഏറ്റെടുത്തു. 17,500 കോടിക്കാണ് ഏറ്റെടുക്കല്‍ നടന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ പതിനായിരം കോടി രൂപ പൈരാമല്‍ കമ്പനിക്ക് ലഭിക്കും. അടുത്ത നാലു വര്‍ഷം 1,850 കോടി രൂപ വീതം ബാക്കി തുകയും നല്‍കും. മരുന്നു നിര്‍മ്മാണത്തിനും വിപണനത്തിനും ആഗോളതലത്തില്‍ തന്നെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് ഈ ഇടപാടെന്നും പൈരാമല്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ അജയ് പൈരാമല്‍ പറഞ്ഞു. കമ്പനിക്ക് ആഗോള പരിവേഷം നല്‍കാനും ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം രണ്ടാം പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികാകുമെന്നാണ് അബ്ബോട്ടിന്‍റെ പ്രതീക്ഷ. 2008 ല്‍ ജപ്പാനീസ് മരുന്നു നിര്‍മ്മാണ കമ്പനിയായ ദൈഷി ഷാങ്കിയോ റാന്‍ബാക്സിയെ ഇരുപത്തിയയ്യായിരം കോടി രൂപയ്ക്ക് ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് രാജ്യത്തെ മരുന്നു നിര്‍മ്മാണ മേഖലയില്‍ ഇത്ര വലിയ തുകയ്ക്ക് ഒരു അന്താരാഷ്ട്ര ഏറ്റെടുക്കല്‍ നടക്കുന്നത്.

ഏറ്റെടുക്കലോടെ ഇന്ത്യന്‍ മരുന്നു നിര്‍മ്മാണ രംഗത്തെ അതികായനെന്ന പദവിയും അബ്ബോട്ട് സ്വന്തമാക്കുകയാണ്. 60,000 കോടി രൂപ വരുന്ന ഇന്ത്യന്‍ മരുന്നു വിപണിയിലെ ഏഴു ശതമാനം പങ്കാളിത്തമാണ് ഏറ്റെടുക്കലോടെ അബ്ബോട്ടിന് കൈവന്നത്. റാന്‍ബാക്സി സിപ്ല തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അബ്ബോട്ട് വിപണി മേധാവിത്വം കയ്യാളുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :