എ ടി എമ്മിന്‍റെ പിതാവ് അന്തരിച്ചു

ലണ്ടന്‍| WEBDUNIA|
PRO
എ ടി എം (ഓട്ടോമാറ്റിക്ക് ടെല്ലര്‍ മെഷീന്‍) എന്ന ആശയം ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച സ്കോട്‌ലന്‍ഡുകാരനായ ജോണ്‍ ഷെപ്പേര്‍ഡ ബാരണ്‍(84) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ബാങ്കില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് പണമെടുക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്ന ബാരണിന്‍റെ ചിന്തമുഴുവന്‍ ബാങ്കിനെ സമീപിക്കാതെ തന്നെ കാശെടുക്കുന്ന യന്ത്രത്തെക്കുറിച്ചായി. ഒരു നിര്‍ണായക നിമിഷത്തില്‍ ബാരണിന്‍റെ തലയില്‍ എ ടി എം എന്ന ആശയം ഉദിക്കുകയും ചെയ്തു. പണമിട്ടാല്‍ ചോക്ലേറ്റ് ലഭിക്കുന്ന വെന്‍ഡിങ് മെഷിനുകളില്‍ നിന്നാണ് ചോക്ലേറ്റിന് പകരം പണം വെച്ചാല്‍ എങ്ങനെ ഇരിക്കുമെന്നതിനെക്കുറിച്ച് ബാരണ്‍ ചിന്തിച്ചത്.

അങ്ങനെ 1967ല്‍ ലണ്ടനിലെ ബാര്‍ക്ലേ ബാങ്ക് ബാരണിന്‍റെ സ്വപ്നത്തിന് സാക്ഷാത്കാരമേകി ആദ്യ എ ടി എം തുറന്നു. ആദ്യഘത്തില്‍ പരമാവധി 10 പൌണ്ട് മാത്രമായിരുന്നു പിന്‍‌വലിക്കാവുന്ന തുക. എന്നാല്‍ അക്കാലത്ത് എ ടി എം കാര്‍ഡുകള്‍ കണ്ടു പിടിച്ചിട്ടില്ലായിരുന്നു. പകരം ചെക്ക് ഇട്ടാണ് പണം പിന്‍‌വലിച്ചിരുന്നത്. ചെക്കുകളിലെ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ അരോഗ്യത്ത് ഹാനികരമാവുമെന്ന പഠനത്തെ തുടര്‍ന്നാണ് എ ടി എം കാര്‍ഡെന്ന ആശയം വന്നത്.

എ ടി.എമ്മിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ പിന്‍ നമ്പര്‍ നാലക്കമാകുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ആറക്ക പിന്‍ നമ്പര്‍ വേണമെന്നായിരുന്നു ബാരണിന്‍റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ കരോലിന് നാലക്കം മാത്രമെ ഓര്‍മിച്ചെടുക്കാന്‍ കഴിയുള്ളു എന്ന് പറഞ്ഞതാന് പിന്‍ നമ്പര്‍ നാലക്കമാക്കിയതിനു പിന്നില്‍. ഇന്ന് ലോകമെമ്പാടുമായി 1.7 മില്യണ്‍ എ ടി എം മെഷീനുകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :