റോഡ് വികസനത്തിനായി 35,680 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തെ റോഡ് വികസനത്തിനായി നടപ്പുസാമ്പത്തിക വര്‍ഷം 35,680 കോടി രൂപ ചെലവഴിക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ അറിയിച്ചു. 2500 കിലോമീറ്റര്‍ ഹൈവേയുടെയും 19000 കിലോമീറ്റര്‍ വരുന്ന ഗ്രാമീണറോഡുകളുടെയും നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ പറഞ്ഞു.

ഈ വര്‍ഷം രാജ്യത്തെ ഊര്‍ജോല്‍‌പാദന രംഗത്ത് 20359 മെഗാവാട്ട് കൂടി കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു പഞ്ചവത്സര പദ്ധതിയില്‍ അടിസ്ഥാന സൌകര്യവികസനത്തിനായുള്ള തുകയില്‍ നാല്‍‌പത് ശതമാനവും മുതല്‍മുടക്കുന്നത് സ്വകാര്യമേഖലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൌകര്യവികസനത്തിനായി ഈ പദ്ധതിക്കാലത്ത് 500 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കണമെന്നാണ് ലക്‍ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2012 മുതല്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപം ഇരട്ടിയാക്കുകയാണ് അടിസ്ഥാന സൌകര്യവികസനത്തിലൂടെ സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. എന്നാല്‍ ചുവപ്പുനാടയും ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും വികസന പ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ്, തുറമുഖ, ഊര്‍ജ്ജ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത്തരം തടസങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പ്രതിദിനം 20 കിലോമീറ്റര്‍ റോഡെന്ന ലക്‍ഷ്യമാണ് ഉള്ളത്. എന്നാല്‍ ഇക്കൊല്ലം പ്രതിദിനം 12 മുതല്‍ 13 കിലോമീറ്റര്‍ എന്ന തോതില്‍ മാത്രമേ റോഡ് നിര്‍മ്മാണം എത്തിക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :