ഉരുക്ക് ഉപഭോഗം 9.6% വര്‍ധിച്ചു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (14:51 IST)
രാജ്യത്തെ ഉരുക്ക് ഉപഭോഗത്തില്‍ വന്‍ വര്‍ധന. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം സ്റ്റീല്‍ ഉപഭോഗം 9.6 ശതമാനം ഉയര്‍ന്ന് 4.41 ദശലക്ഷം ടണ്ണായാണ് ഉയര്‍ന്നിരിക്കുന്നത്. നിര്‍മ്മാണ, ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് ആവശ്യക്കാര്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഉരുക്ക് ഉപഭോഗം ഗണ്യമായി വര്‍ധിച്ചത്.

മുന്‍ വര്‍ഷം ഇക്കാലയളവില്‍ രാജ്യത്തെ മൊത്തം സ്റ്റീല്‍ ഉപഭോഗം 3.78 ദശലക്ഷം ടണ്ണായിരുന്നു. രാജ്യത്തെ സ്റ്റീല്‍ ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. ഉരുക്ക് ഉല്‍പ്പാദനം 5.3 ശതമാനം വര്‍ധിച്ച് 4.9 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. മുന്‍ വര്‍ഷമിത് 4.6 ദശലക്ഷം ടണ്ണായിരുന്നുവെന്ന് സ്റ്റീല്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്റ്റീല്‍ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം സ്റ്റീല്‍ ഇറക്കുമതി 47.9 ശതമാനം വര്‍ധിച്ച് 6.6 ലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്റ്റീല്‍ വിലയും വര്‍ധിച്ചിട്ടുണ്ട്. ജെ എസ് ഡബ്ലിയു സ്റ്റീലിന് ടണ്ണിന്മേല്‍ രണ്ടായിരം രൂ‍പ വരെ വര്‍ധിച്ചിട്ടുണ്ട്. അതേസമയം, സ്റ്റീല്‍ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്റ്റീല്‍ കയറ്റുമതി 34.8 ശതമാനം ഇടിഞ്ഞ് 1.84 ലക്ഷം ടണ്ണാണ് കയറ്റുമതി ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :