റാന്‍ബാക്സി അറ്റാദായത്തില്‍ വര്‍ദ്ധന

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 11 മെയ് 2010 (18:45 IST)
വില്‍‌പനയില്‍ ഇന്ത്യയിലെ ഒന്നാമത്തെ മരുന്നു നിര്‍മ്മാതാക്കളായ റാന്‍ബാക്സി കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനപാദ അറ്റാദായത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 963.1 കോടി രൂപയായിട്ടാണ് കമ്പനിയുടെ അറ്റാദായം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദം അറ്റാദായത്തില്‍ 761 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്.

കമ്പനി ഉല്‍‌പന്നങ്ങളുടെ മൊത്തം വില്‍‌പനയിലും വര്‍ദ്ധനയുണ്ടായതായി റാന്‍ബാക്സി ചീഫ് എക്സിക്യൂട്ടീവ് അതുല്‍ സൊബ്തി പറഞ്ഞു. 65 ശതമാനമാണ് വില്‍‌പനയില്‍ വര്‍ദ്ധന ഉണ്ടാ‍യത്. 2490 കോടി രൂ‍പയുടെ വില്‍‌പനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1558 കോടിയുടെ വില്‍‌പന മാത്രമായിരുന്നു നടന്നത്.

തുടര്‍ച്ചയായ നാലാം പാദത്തിലും അറ്റാദാ‍യത്തില്‍ വന്‍ നേട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞത് കമ്പനിയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്ന് അതുല്‍ സൊബ്തി പറഞ്ഞു. റാന്‍ബാക്സിയുടെ ചില മരുന്നുകള്‍ യു‌എസ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയത്.

ഇക്കൊല്ലം അറ്റാദാ‍യം 4.6 ബില്യന്‍ രൂപയിലെത്തിക്കാനാണ് റാന്‍ബാക്സി ലക്‍ഷ്യമിടുന്നത്. വാര്‍ഷിക വില്‍‌പന 78 ബില്യന്‍ രൂപയിലെത്തിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :