ഗ്രീസിന് 40 ബില്യന്‍ ഡോളര്‍ സഹായം

വാഷിങ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 10 മെയ് 2010 (15:21 IST)
ഗ്രീസിന് 40 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) അനുമതി നല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് വായ്പ നല്‍കിയിരിക്കുന്നത്. യൂറോ യൂണിയനും ഐഎംഎഫും കൂടി പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഐ എം എഫ് വായ്പ നല്‍കുന്നത്.

യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക സ്ഥിരത തിരിച്ചുക്കൊണ്ടുവരാനും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഗ്രീസിനെ കരകയറ്റുന്നതിനുമാണ് വായ്പയെന്ന് ഐ എം എഫ് മാനേജിങ് ഡയറക്ടര്‍ ഡൊമിനിക് ഖാന്‍ അറിയിച്ചു. 900 കോടി യൂറോയുടെ ബോണ്ടിന്റെ തിരിച്ചടവിനായി ഗ്രീസിന് മെയ് 19ന് മുമ്പ് പണം അത്യാവശ്യമാണ്. ഇത് മുടങ്ങിയാല്‍ യൂറോയുടെ വില കുത്തനെ ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

ഗ്രീസ് സര്‍ക്കാറിന്റെ അമിതമായ ധനക്കമ്മിയും അതുണ്ടാക്കിയ വന്‍ കടബാധ്യതയുമാണ് പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഗ്രീസിന്റെ ധനക്കമ്മി ഇപ്പോള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12.7 ശതമാനമാണ്. മൊത്തം കടബാധ്യതയാകട്ടെ ജിഡിപിയുടെ 113 ശതമാനം വരും.

ഗ്രീസിലെ പൊതു ചെലവിലുണ്ടായ വര്‍ധന ധനക്കമ്മിയെയും കടബാധ്യതയെയും വഷളാക്കി. എങ്കിലും ഇത് പ്രതിസന്ധി നിലവാരത്തിലേക്ക് എത്തിയിരുന്നില്ല. പെട്ടെന്നാണ് 2008 അവസാനത്തോടെ ആഗോള ധനകാര്യ പ്രതിസന്ധിയും രൂക്ഷമായ മാന്ദ്യവുമുണ്ടായത്. യൂറോ എന്ന പൊതു കറന്‍സിയുള്ള യൂറോ പ്രദേശത്തില്‍പ്പെടുന്ന രാജ്യമാണ് ഗ്രീസ്. ഈ പൊതുകറന്‍സി പ്രശ്‌നം യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :