ബജാജ് ഡിസ്കവര്‍ 150സിസി വീണ്ടുമെത്തുന്നു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 10 മെയ് 2010 (14:59 IST)
PRO
PRO
വാഹന നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ ബജാജ് ഓട്ടോ ഡിസ്കവര്‍ 150 സി സി പതിപ്പുമായി വ്ണ്ടും ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇന്ധനക്ഷമത ഏറെ ലഭിക്കുമെന്ന ഡിസ്കവര്‍ 150 സി സി പള്‍സര്‍ 150നേക്കാളും മികച്ചതായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പള്‍സര്‍ 135 എല്‍ എസിന്റെയും പള്‍സര്‍ 150ന്റെയും ഇടയില്‍ വരുന്ന ഡിസ്കവര്‍ 150 സി സി എഞ്ചിന് 14.1 പി എസ് ശക്തിയുണ്ടാകും.

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ച ബജാജ് ഓട്ടോ ഡിസ്കവര്‍ 150 സിസി ഉടന്‍ മാര്‍ക്കറ്റിലെത്തിക്കുമെന്ന് എം ഡി രാജീവ് ബജാജ് അറിയിച്ചു. ചെലവ് കുറഞ്ഞ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി ലഭിക്കുന്നുണ്ട്. ബജാജ് പള്‍സര്‍ 150 ഡി ടി എസ് ഐക്കാളും വിലകുറവില്‍ ലഭിക്കുന്നതായിരിക്കും പുതിയ ഡിസ്കവര്‍ 150 സി സിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബജാജ് 100 സിസി ബൈക്കുകളില്‍ നിന്ന്‌ എന്‍ജിന്‍ ശേഷിയേറിയ മോഡലുകളിലേക്കു മുന്നേറാന്‍ തയ്യാറായത് രണ്ടു വര്‍ഷം മുമ്പായിരുന്നു. പിന്നാലെ 100 സിസിയുടെ ഇന്ധനക്ഷമതയും 125 സിസിയുടെ പ്രകടനവും വാഗ്ദാനം ചെയ്‌ത്‌ എക്സീഡ്‌ ഡിടിഎസ്‌-എസ്‌ഐ പോലുള്ള മോഡലുകളും കമ്പനി അവതരിപ്പിച്ചു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വില്‍പ്പനയുടെ 80 ശതമാനവും 100 സിസി ബൈക്കായിരുന്നെങ്കില്‍ ഇപ്പോഴത്‌ 65 ശതമാനത്തോളമായി താഴ്‌ന്നെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും മുമ്പൊരിക്കല്‍ പിന്‍‌വലിച്ച ഡിസ്കവര്‍ ഡിടിഎസ്‌ - എസ്‌ഐ ഇപ്പോള്‍ മികച്ച വിജയത്തിലാണെന്നാണ്‌ റിപ്പോര്‍ട്ട്. ആദ്യ 50 ദിവസം കൊണ്ട്‌ ലക്ഷം ബൈക്കുകള്‍ വിറ്റഴിഞ്ഞെന്നാണു ബജാജ്‌ ഓട്ടോയുടെ അവകാശവാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :