വിദേശയാത്രക്കാര്‍ക്ക് ആര്‍ബിഐയുടെ സമ്മാനം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 5 മെയ് 2010 (15:39 IST)
PRO
വിദേശയാത്ര നടത്തുന്ന ഇന്ത്യാക്കാര്‍ക്ക് കൈവശം വെക്കാവുന്ന തുകയുടെ പരിധി ആര്‍ബിഐ ഉയര്‍ത്തി. 3000 ഡോളറാ‍യാണ് തുക ഉയര്‍ത്തിയത്. നേരത്തെ ഇത് 2000 ഡോളര്‍ ആയിരുന്നു. വിദേശനാണ്യ വിനിമയ നയം കൂടുതല്‍ സുതാര്യവും സ്വതന്ത്രവും ആക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

അടിയന്തര പ്രാധാന്യത്തോടെ തീരുമാനം പ്രാബല്യത്തിലായതായി ആര്‍ബിഐ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന്‍റെ പരിധി വരെ വിദേശയാത്രകളില്‍ ചെലവഴിക്കാം. വിദേശനാണ്യവിനിമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2000 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ലളിതമാക്കിവരികയാണ്. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ നടപടിയും.

ഇറാഖ്, ലിബിയ, ഇറാ‍ന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ആര്‍ബിഐയുടെ മുന്‍‌കൂര്‍ അനുമതിയില്ലാതെ 5000 ഡോളര്‍ വരെ കൈവശം വെക്കാം. 2001 നവംബറിലാണ് ഈ തുക 5000 ഡോളര്‍ ആക്കി ഉയര്‍ത്തിയത്.

ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന വിദേശവായ്പയുടെ വിവരങ്ങളും ആര്‍ബിഐ പുറത്തുവിട്ടു. വിദേശവായ്പയില്‍ പതിനഞ്ച് ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 21.4 ബില്യന്‍ ഡോളര്‍ ആണ് 2010 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ വിദേശവായ്പയായി സ്വീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :