ഐപി‌എല്‍: ആദായനികുതി വകുപ്പിന് ഇക്കുറിയും ചാകര!

മുംബൈ| WEBDUNIA|
PRO
നികുതി വെട്ടിപ്പിന്‍റെ പേരില്‍ വിവാദത്തിലായെങ്കിലും ഐപി‌എല്‍ മൂന്നാം സീസണിലും ആദായനികുതി വകുപ്പിന് ചാകര. സ്രോതസില്‍ നിന്ന് പിടിക്കുന്ന നികുതിയിനത്തില്‍ (ടിഡി‌എസ്) മാത്രം 400 കോടി രൂപയാണ് മൂന്നാം സീസണില്‍ ആദായ നികുതി വകുപ്പിന് ലഭിച്ചതെന്നാണ് പ്രാഥമിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ആദായനികുതി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കണക്കുകള്‍ അന്തിമമായി തിട്ടപ്പെടുത്തിയിട്ടില്ല. ഐപി‌എല്‍ ആദ്യ സീസണില്‍ നിന്നും ലഭിച്ച വരുമാനത്തിന്‍റെ പതിന്‍‌മടങ്ങ് വര്‍ദ്ധന ഇക്കുറി നികുതിയിനത്തില്‍ ലഭിക്കുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതുകാരണം ആദായനികുതി വകുപ്പിന് കോടികള്‍ നഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ നിന്നുള്ള മൊത്തം നികുതിവരുമാനം ഇനിയും കൃത്യമായി ലഭ്യമായിട്ടില്ല. ഫ്രാഞ്ചൈസികള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫീസുകള്‍ ഈ കണക്കുകള്‍ അന്തിമമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ നികുതിവെട്ടിച്ചെന്ന സംശയത്തില്‍ വിവിധ ഫ്രാഞ്ചൈസികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും അന്തിമ കണക്ക് പുറത്തുവിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :