ഐസിഐസിഐ ബാങ്ക് മികച്ച ബ്രാന്‍ഡ്

മുംബൈ| WEBDUNIA|
രാജ്യത്തെ ഏറ്റവും വലിയ സ്വകാ‍ര്യ പണമിടപാടുകാരായ ഐ സി ഐ സി ഐ ബാങ്ക് ലോകത്തെ പ്രധാനപ്പെട്ട നൂറ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ സ്ഥാനം നേടി. പട്ടികയില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്. ബ്രാന്‍ഡ്സ് ടോപ് 100 ല്‍ സ്ഥാനം നേടിയ ഐ സി ഐ സി ഐ ബാങ്കിന് 14.5 ബില്യന്‍ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.

മില്‍‌വാര്‍ഡ് ബ്രൌണിന്റെ അഞ്ചാമത് വാര്‍ഷിക ബ്രാന്‍ഡ് റിപ്പോര്‍ട്ടിലാണ് ലോകത്തെ മികച്ച നൂറ് ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഐ സി ഐ സി ഐ നാല്‍‌പത്തിയഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡ് കൂടിയാണ് ഐ സി ഐ സി ഐ. ഉപഭോക്താക്കള്‍ക്ക് ഒട്ടനവധി സേവനങ്ങള്‍ നല്‍കുന്ന ഐ സി ഐ സി ഐ ലോകത്തെ തന്നെ മികച്ച ബാങ്കുകളിലൊന്നാണ്.

ബാങ്കിന്റെ എ ടി എം സേവനങ്ങള്‍ രാജ്യത്ത് എവിടെയും ലഭ്യമാണ്. ഇന്ത്യയില്‍ അയ്യായിരത്തോളം എ ടി എം കേന്ദ്രങ്ങളുള്ള ഐ സി ഐ സി ഐ പതിനെട്ടോളം രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികയില്‍ ഇരുപത് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെ ബ്രാന്‍ഡുകളില്‍ ഐ സി ഐ സി ഐ പത്താം സ്ഥാനം നേടി.

അതേസമയം, മില്‍‌വാര്‍ഡിന്റെ ടെക്നോളജി ബ്രാന്‍ഡ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഇന്‍ഫോസിസ് സ്ഥാനം നേടി. ഇരുപത് ടെക്നോളജി ബ്രാന്‍ഡുകളില്‍ ഇന്‍ഫോസിസിന് പതിനെട്ടാം സ്ഥാനമാണ്. ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഐ ബി എമ്മാണ് രണ്ടാം സ്ഥാനത്ത്. ആപ്പിള്‍ മൂന്നും മൈക്രോസോഫ്റ്റ് നാലാം സ്ഥാനവും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :