യു എസില്‍ ഒറ്റ ദിവസം തകര്‍ന്നത് എട്ട് ബാങ്കുകള്‍

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2010 (10:42 IST)
PRO
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് അവകാശപ്പെടുമ്പോഴും യു എസില്‍ ബാങ്കുകളുടെ കൂട്ട തകര്‍ച്ച തുടരുന്നു. എട്ടു ബാങ്കുകളാണ് കഴിഞ്ഞ ആഴ്ച ഒറ്റ ദിവസം കൊണ്ട് പാപ്പറായി പ്രഖ്യാപിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം യു എസില്‍ തകര്‍ന്ന ബാങ്കുകളുടേ എണ്ണം 50 ആയി. ഈ വര്‍ഷം ശരാശരി 12 ബാങ്കുകളാണ് ഓരോ മാസവും യു എസില്‍ തകര്‍ച്ചയെ നേരിട്ടത്.

ഈ മാസം 16നാണ് എട്ടു ബാങ്കുകള്‍ ഒറ്റയടിക്ക് അടച്ചുപുട്ടിയത്. ടമാല്‍‌പയസ് ബാങ്ക്, സിറ്റി ബാങ്ക്, ബട്‌ലര്‍ ബാങ്ക്, അമേരിക്കന്‍ ഫസ്റ്റ് ബാങ്ക്, ലേക്‍സൈഡ് കമ്മ്യൂണിറ്റി ബാ‍ങ്ക്, ഫസ്റ്റ് ഫെഡറല്‍ ബാങ്ക്, റിവര്‍ സൈഡ് നാഷണല്‍ ബാങ്ക്, ഇന്നോവേറ്റീവ് ബാങ്ക് എന്നിവയാണ് 16ന് തകര്‍ന്നത്. 984.7 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് എട്ടു ബാങ്കുകളുടെ തകര്‍ച്ചമൂലം ഉണ്ടായതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍‌ഷൂറന്‍സ് ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ മാസം 19 ബാങ്കുകള്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ ഫെബ്രുവരിയില്‍ ഏഴും ജനുവരിയില്‍ 15 ഉം ബാങ്കുകളാണ് യു എസില്‍ തകര്‍ന്നത്. 2008ല്‍ ലേമാന്‍ ബ്രദേഴ്സ് പാപ്പറായി പ്രഖ്യാപിച്ചതിനുശേഷം 204 ബാങ്കുകളാണ് യു എസില്‍ ഇതുവരെ സാമ്പത്തിക പ്രതിഅന്ധിമൂലം തകര്‍ച്ചയെ അഭിമുഖീകരിച്ചത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അഞ്ചു ശതമാനം വളര്‍ച്ച നിലനിര്‍ത്തുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :