ടാറ്റയും റിലയന്‍സും മികച്ച കമ്പനികള്‍

ന്യൂയോര്‍ക്ക്| WEBDUNIA|
ലോകത്തെ ഏറ്റവും മികച്ച അമ്പത് കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്ഥാനം. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ടാറ്റാ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്രീസുമാണ് പട്ടികയില്‍ ഇടം നേടിയത്. യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ കമ്പ്യൂട്ടറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

അമ്പത് കമ്പനികളുടെ പട്ടികയില്‍ ടാറ്റാ ഗ്രൂപ്പ് പതിനേഴാം സ്ഥാനം നേടിയപ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുപ്പത്തിമൂന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തിക്കാന്‍ സാധിച്ചതാണ് ആപ്പിളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. മാക് കമ്പ്യൂട്ടറുകള്‍, ഐപോഡ് മ്യൂസിക്, ടച്ച് സ്ക്രീന്‍ ലാപ്‌ടോപ്, ഐപാഡ് എന്നിവയെല്ലാം അടുത്തിടെയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചത്.

ബിസിനസ് വീക് മാഗസിനാണ് മികച്ച അമ്പത് കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോള ഗവേഷണ ഗ്രൂപ്പായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് രണ്ടാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഏഷ്യയില്‍ നിന്നുള്ള നിരവധി കമ്പനികള്‍ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഏഷ്യയില്‍ നിന്ന് പതിനഞ്ച് കമ്പനികള്‍ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള രണ്ട് കമ്പനികള്‍ക്ക് പുറമെ ജപ്പാന്‍, ചൈന, തായ്‌വാന്‍ രാജ്യങ്ങളിലെ അഞ്ചും, ദക്ഷിണക്കൊറിയയില്‍ നിന്ന് മൂന്നും കമ്പനികളുമാണ് പട്ടികയില്‍ സ്ഥാനം കരസ്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :