ഏറ്റവും കുറഞ്ഞ പലിശനിരക്കും പലവിധ പ്രലോഭനങ്ങളുമായി നൂറുനൂറുബാങ്കുകള്‍ ഉപയോക്താവിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ഒരു കാലം ഒരുവര്‍ഷം മുമ്പുവരെ ആരും സ്വപ്നം കണ്ടിരുന്നില്ല. സ്വപ്നഭവനം സ്വന്തമാക്കാന്‍ ഇതുപോലൊരു സുവര്‍ണ്ണാവസരമില്ലെന്നും ഇത് കൈവിട്ടാല്‍ പിന്നീട് ഒരു അവസരമുണ്ടാകില്ലെന്നുമുള്ള മട്ടില്‍ ബാങ്കുകളുടെ പരസ്യങ്ങളും അരങ്ങുതകര്‍ക്കുകയാണ്.
ഇതിനിടെ ഏത് ബാങ്കില്‍ നിന്ന് ഭവനവായ്പയെടുക്കുമെന്നോര്‍ത്ത് ഉപയോക്താക്കളും കണ്‍ഫ്യുഷനിലാകുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയാണ് വിപണിയിലെ പലിശയുദ്ധത്തിന് തിരികൊളുത്തിയത്.
എട്ടുശതമാനത്തോളമായി എസ്‌ബിഐ പലിശകുറച്ചപ്പോള്‍ എല്‍ഐസിയും കാനറാ ബാങ്കും സ്വകാര്യ ഭവനവായ്പ രംഗത്തെ അതികായരായ എച്ച്‌ഡിഎഫ്സിയും ഐസിഐസിഐയും കോടക് മഹീന്ദ്രയുമെല്ലാം മത്സരത്തില്‍ പങ്കുചേര്‍ന്നു. ആദ്യമൂന്നുവര്‍ഷങ്ങളില്‍ എട്ട് മുതല്‍ ഒമ്പത് ശതമാനം വരെ പലിശയും തുടര്‍ന്നങ്ങോട്ട് വിപണിയില്‍ അന്ന് നിലവിലുള്ള പലിശയുമാണ് മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയാകട്ടെ തങ്ങളുടെ എട്ടുശതമാനം പലിശാ ക്യാമ്പ് ഈ വര്‍ഷം മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചതോടേ മറ്റ് ബാങ്കുകളും ആ വഴിയ്ക്കായി.
ലോണ്‍ തുകയെത്രയെന്നു പരിഗണിക്കാതെ 2012 വരെ 8.25 പലിശനിരക്കിലാണ് ഐഡിബിഐ വായ്പ വാഗ്ദാനം ചെയ്യുന്നത്. ഡിച്ച്‌എഫ്‌എല്‍ ആകട്ടെ അഞ്ചുലക്ഷം വരെ 8 ശതമാനം നിരക്കിലാണ് നിലവില്‍ വായ്പ നല്‍കുന്നത്. ജിഐസിയും സ്വകാര്യബാങ്കായ ഡെവലപ്പ്മെന്റ് ക്രെഡിറ്റ് ബാങ്കും (ഡിസിബി) 7.95 വരെയായി പലിശകുറച്ച് ഇക്കാര്യത്തില്‍ എസ്ബിഐയേയും കടത്തിവെട്ടിയിരിക്കുന്നു. ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 7.95 പലിശയാണ് ജിഐസിയുടെ പ്രാധാന ആകര്‍ഷണം.
ഭവനവായ്പയ്ക്ക് ആകര്‍ഷകമായ ഒരു പേരും പരസ്യവും നല്‍കി പ്രൊസസ്സിംഗ് ചാര്‍ജ് പൂജ്യം ശതമനാമാക്കി വായ്പാകാലയളവ് 25 വര്‍ഷം വരെയാക്കിയാണ് ബാങ്കുകള്‍ പരസ്പരം മത്സരിക്കുന്നത്. ഇതിനിടെ ബാങ്കുകള്‍ തമ്മില്‍ പലിശയുടെ പേരില്‍ വാഗ്വാദങ്ങളും മുറുകുന്നുണ്ട്. വായ്പാ നടപടികള്‍ സ്വകാര്യബാങ്കുകള്‍ ലളിതമാക്കിയിട്ടുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരുവിട്ടുവീഴ്ചയും അനുവദിച്ചിട്ടില്ല.