റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ മൂന്നാമത്തെ വലിയ കെമിക്കല്‍ കമ്പനിയായ ലിയോന്‍ഡല്‍ ബാസെല്‍ ഏറ്റെടുക്കുന്നു. കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ഒരു ഇന്ത്യന്‍ കമ്പനി രാജ്യാന്തര തലത്തില്‍ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കുമിതെന്നാണ് സൂചന.
ലിയോന്‍ഡല്‍ ബാസെല്‍ ജനുവരിയോടെ പാപ്പരത്വം ആവശ്യപ്പെട്ട് യു എസില്‍ പേപ്പറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എത്ര തുകയ്ക്കാണ് കെമിക്കല്‍ കമ്പനിയെ ഏറ്റെടുക്കുന്നതെന്ന് റിലയന്‍സ് വെളിപ്പെടുത്തിയിട്ടില്ല. കുറഞ്ഞത് 12 ബില്യന്‍ ഡോളറിനെങ്കിലുമായിരിക്കും ഏറ്റെടുക്കലെന്നാണ് ചില ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2006ല്‍ ടാറ്റ സ്റ്റീല്‍ കോറസിനെ 12.2 ബില്യന്‍ ഡോളറിന് ഏറ്റെടുത്തതാണ് ഒരു ഇന്ത്യന്‍ കമ്പനി ഇതുവരെ നടത്തിയ ഏറ്റവും വലിയ രാജ്യാന്തര ഇടപാട്.
2008ല്‍ 58 ബില്യന്‍ ഡോളറായിരുന്നു ലിയോന്‍ഡല്‍ ബാസെലിന്‍റെ വിപണി മൂലധനം. ലിയോന്‍ഡല്‍ ബാസെലിന് കടം നല്‍കിയവര്‍ക്കാണ് റിലയന്‍സ് പണം നല്‍കുക. കമ്പനിയിലെ പുതിയ ഓഹരികള്‍ ഏറ്റെടുക്കാനാണ് റിലയന്‍സ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ റിലയന്‍സ് വീണ്ടും ഉയരും. 500 കമ്പനികളുടെ പട്ടികയില്‍ 264ആം സ്ഥാനത്താണ് ഇപ്പോള്‍ ആര്‍ ഐ എല്‍.