കസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഡാന ബാങ്കിന്‍റെ ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെആര്‍ കാമത്ത്. മധ്യേഷയിലേക്ക് ബാങ്കിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഏറ്റെടുക്കല്‍. ഡാന ബാങ്കിന്‍റെ 74 ശതമാനം ഓഹരികളാണ് പി എന്‍ ബി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഓഹരി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായതായി കാമത്ത് പറഞ്ഞു. ഭൂട്ടാനില്‍ പ്രാദേശിക സഹകരണത്തോടെ ഒരു ബാങ്ക് സ്ഥാപിക്കാന്‍ പി എന്‍ ബി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കനേഡിയന്‍ നഗരമായ വാന്‍കൂവറില്‍ ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഇതിനോടകം തന്നെ അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
മോണിറ്ററി അഥോറിറ്റി ഓഫ് കാനഡയില്‍ നിന്ന് അനുകൂല സമീപനമാണ്. അടുത്ത ഒരു വര്‍ഷത്തിനകം ബാങ്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചൈനയിലെ ഷാങ്ഹായിയിലെ റെപ്രസന്‍റേറ്റീവ് ഓഫീസിന് ഒരു ബ്രാഞ്ച് കുടി സ്ഥാപിച്ചതായി അദ്ദേഹം അറിയിച്ചു.