ന്യൂയോര്‍ക്ക്: , ശനി, 21 നവംബര്‍ 2009( 12:52 IST )
ജെയിംസ് ബോണ്ട് സിനിമകളുടെ ഈറ്റില്ലമായ മെട്രോ ഗോള്‍ഡ്‌വിന്‍-മേയര്‍ ഫിലിം സ്റ്റുഡിയോ (എം ജി എം) വാങ്ങാന്‍ മാധ്യമ രാജാവായ റുപര്‍ട്ട് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പറേഷന്‍ തയ്യാറെടുക്കുന്നു. വിനോദ രംഗത്തെ അതികായരായ ടൈം വാര്‍ണര്‍, ക്വാലിയ ക്യാപിറ്റല്‍ എല്‍ എല്‍ സി എന്നിവരാണ് എം ജി എം സ്റ്റുഡിയോ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ള മറ്റുള്ളവര്‍. കമ്പനികള്‍ സ്റ്റുഡിയോയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയിട്ടില്ലെന്നും വിലയെ ആശ്രയിച്ച് താല്പര്യത്തിന്‍റെ തോത് മാറാമെന്നും ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നാല് ബില്യന്‍ ഡോളര്‍ കടത്തിലാണ് തങ്ങളെന്ന് കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. കമ്പനി വില്‍ക്കാനുള്ള സന്നദ്ധതയും അധികൃതര്‍ അറിയിച്ചിരുനു. സോണി കോര്‍പറേഷനും സ്റ്റുഡിയോ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്റ്റുഡിയോ മൊത്തമായോ ഏതെങ്കിലും ഒരു ഭാഗമോ വാങ്ങാനാണ് സോണിക്ക് താല്പര്യം.
വായ്പ നല്‍കിയവര്‍ കമ്പനി വില്‍ക്കാന്‍ ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. കമ്പനിയില്‍ പാര്‍ടണറായി മറ്റ് കമ്പനികളെ ചേര്‍ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കമ്പനിയുടെ വില സംബന്ധിച്ച് ഇതുവരെ ധാരണയൊന്നും ഉണ്ടായിട്ടില്ല. എം ജി എം നഷ്ടത്തിലാണെന്ന് യു എസില്‍ നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു.