പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇന്ധന വില്‍പനയിലൂടെ പ്രതിദിനം 92 കോടി രൂപയുടെ നഷ്ടം നേരിടുന്നു. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് പെട്രോള്‍, ഡീസല്‍, പാചക വാതക വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഐ ഒ സിയുടെ നഷ്ടത്തിന് കാരണം. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില വീണ്ടും ഉയരുകയും കമ്പനിയുടെ നഷ്ടം തുടരുകയുമാണെന്ന് ഒരു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വക്താവ് പറഞ്ഞു.
ഒരു ലിറ്റര്‍ പെട്രോളിന് 3.85 രൂപ നഷ്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഡീസലിന് ലിറ്ററിന് 3.71 രൂപയും മണ്ണെണ്ണയ്ക്ക് 16.34 രൂപയുമാണ് കമ്പനിയുടെ നഷ്ടം. പാചക വാതകം സിലിണ്ടറിന് 201.88 രൂപയാണ് നഷ്ടം.
കഴിഞ്ഞയാഴ്ച 84 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രതിദിന നഷ്ടം. ഈ ആഴ്ച അത് 92 കോടിയായി ഉയര്‍ന്നുവെന്ന് വക്താവ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഐഒസിക്ക് 25440 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയില്‍ (ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം) 2009-10 സാമ്പത്തിക വര്‍ഷം 45160 കോടി നഷ്ടം ഉണ്ടായേക്കാം. ഊര്‍ജ്ജ വിതരണ കമ്പനികള്‍ പ്രതിദിനം 163 കോടി നഷ്ടം നേരിടുന്നതായി അദ്ദേഹം അറിയിച്ചു.