ഇന്ത്യയിലെ ബിസിനസ് ഗ്രൂപ്പുകളില്‍ മുന്‍ നിരക്കാരായ ബിര്‍ല ഗ്രൂപ്പ് ആഢംബര ഹോട്ടല്‍ രംഗത്തേക്ക് കടക്കുന്നു. ദക്ഷിണ മുംബൈയിലെ വോര്‍ലിയിലാണ് ബിര്‍ലയുടെ ആദ്യ ഹോട്ടല്‍ സമുച്ചയം ഉയരുക.
100 വര്‍ഷത്തോടടുത്ത പ്രവര്‍ത്തന ചരിത്രമുള്ള ബിര്‍ല ഇതാദ്യമയാണ് ഹോട്ടല്‍ വ്യവസായത്തിലേക്ക് കടക്കുന്നത്. ബിര്‍ല കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ബസന്ത് കുമാര്‍ ബിര്‍ല ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെഞ്ച്വറി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്‍റെ ഉപയോഗിക്കാത്ത സ്ഥലത്താണ് ഹോട്ടല്‍ കെട്ടിപ്പടുക്കുക.
ഹോട്ടല്‍ നടത്തിപ്പിനായി ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ച് വന്‍ ഏജന്‍സികള്‍ സമീപിച്ചതായി ബസന്ത് കുമാര്‍ ബിര്‍ല പറഞ്ഞു. ഓരോ മൂന്ന് വര്‍ഷത്തേക്കാണ് ഇവര്‍ക്ക് കരാര്‍ നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹുമുഖ മേഖലകളില്‍ പരന്നുകിടക്കുന്ന ബിര്‍ലയുടെ ബിസിനസ് സാമ്രാജ്യത്തില്‍ ഹോട്ടല്‍ വ്യവസായം കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐടി,സിമന്‍റ്, ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍സ്, ലോഹം, മാധ്യമ മേഖലകളില്‍ ഇതിനോടകം തന്നെ ബിര്‍ല സജീവസാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.