എയര്‍ ഇന്ത്യയില്‍ വീണ്ടും പൈലറ്റുമാരുടെ സമരഭീഷണി. ഇന്‍സെന്‍റീവും അലവന്‍സും അഞ്ച് ദിവസത്തിനകം തന്നില്ലെങ്കില്‍ നവംബര്‍ 24 മുതല്‍ വീണ്ടും സമരത്തിനിറങ്ങുമെന്നാണ് മുന്നറിയിപ്പ്. ഇത് ചൂണ്ടിക്കാട്ടി പൈലറ്റുമാര്‍ നോട്ടീസും നല്‍കിക്കഴിഞ്ഞു.
അലവന്‍സിനത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തെ കുടിശ്ശികയാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്നാണ് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍റെ തീരുമാനം.
ചെന്നൈയില്‍ യോഗം ചേര്‍ന്നാണ് അസോസിയേഷന്‍ സമര തീരുമാനമെടുത്തിരിക്കുന്നത്. ആഗസ്റ്റ് മുതലാണ് പൈലറ്റുമാരുടെ അലവന്‍സുകള്‍ മുടങ്ങിക്കിടക്കുന്നത്. ഈ മാസമാദ്യം അസോസിയേഷന്‍ എയര്‍ ഇന്ത്യ സിഎംഡി അര്‍വിന്ദ് യാദവിന് ആവശ്യങ്ങള്‍ ഉന്നയിച്ച് നോട്ടീസ് നല്‍കിയിരുന്നു. സെപ്തംബറില്‍ പൈലറ്റുമാരുടെ ദിവസങ്ങള്‍ നീണ്ട സമരം മൂലം എയര്‍ ഇന്ത്യാ മാനേജ്മെന്‍റിന് കോടികളുടെ നഷ്ടം നേരിട്ടിരുന്നു.
എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടപടികള്‍ ആവിഷ്കരിച്ച് വരികെയാണ് പൈലറ്റുമാര്‍ വീണ്ടും സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.