പൊതുവേ മാന്ദ്യമാണെങ്കിലും ബ്രിട്ടനിലെ കാര്‍ വിപണി ഇതിനെയൊക്കെ അതിജീവിക്കുകയാണ്. സര്‍ക്കാരും വാഹന മേഖലയും യോജിച്ച് രൂപം നല്‍കിയ പദ്ധതികളാണ് കാര്‍ വിപണിക്ക് ജീവശ്വാസം നല്‍കുന്നത്. ഒക്ടോബറില്‍ കാര്‍ വില്‍പനയില്‍ 31. 6 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1,68,942 വാഹനങ്ങളാണ് ഒക്ടോബറില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ നാല് മാസമായി ബ്രിട്ടന്‍ കാര്‍ വിപണിയില്‍ കാര്യമായ മുന്നേറ്റമുണ്ടാകുന്നുണ്ട്. മാന്ദ്യം പിടിപെട്ട പല രാജ്യങ്ങളിലെയും വാഹന വിപണി ഇനിയും തിരിച്ചുകയറാനാകാതെ നട്ടം തിരിയുമ്പോഴാണ് ബ്രിട്ടന്‍ വിപണിയിലെ മുന്നേറ്റം.
സര്‍ക്കാരിന്‍റെ പിന്തുണയോടെ നടപ്പാക്കിയ ഓള്‍ഡ് ഫോര്‍ ന്യൂ സ്കീം ആണ് കാര്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കിയത്. പഴയ കാറുകള്‍ക്ക് പകരം പുതിയവ എടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വന്‍ തുക ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പദ്ധതിയാണിത്. പത്ത് വര്‍ഷത്തിന് മുകളിലുള്ള കാര്‍ വിറ്റ് പുതിയത് വാങ്ങുമ്പോള്‍ 2,000 പൌണ്ടാണ് ഉപഭോക്താവിന് ഇളവായി ലഭിക്കുക.
സര്‍ക്കാരും കാര്‍ നിര്‍മ്മാണ കമ്പനിയും സംയുക്തമായിട്ടാണ് പദ്ധതിയുടെ ബാധ്യത വഹിക്കുക. കഴിഞ്ഞ ഏപ്രിലില്‍ ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഇത് കൂടാതെ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കാനായി മൂല്യവര്‍ദ്ധിത നികുതി പതിനഞ്ച് ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. 17.5 ശതമാനമായിരുന്നു നേരത്തെ മൂല്യവര്‍ദ്ധിത നികുതിയായി ഈടാക്കിയിരുന്നത്.
ആഭ്യന്തരവിപണിയില്‍ ചലനം സൃഷ്ടിക്കാനായിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ മാന്ദ്യം തുടരുന്നത് ബ്രിട്ടനിലെ കാര്‍ നിര്‍മ്മാണകമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.