വാഹന നിര്‍മ്മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സ് യൂറോപ്യന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഒപെല്ലില്‍ നിന്ന് 10,000 പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇനിയും കരകയറാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജനറല്‍ മോട്ടോര്‍സിനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
55,000 തൊഴിലാളികളാണ് ഒപെല്ലില്‍ ഉള്ളത്. 30 ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നേരത്തെ ഒപെല്ലിനെ കനേഡിയന്‍ കമ്പനിയായ മാഗ്നയ്ക്കും റഷ്യന്‍ ബാങ്കായ സ്ബെര്‍ ബാങ്കിനും വില്‍ക്കാന്‍ ജനറല്‍ മോട്ടോര്‍സ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് സ്വന്തം നിലയില്‍ ചെലവു ചുരുക്കി ഒപെല്ലിനെ നിലനിര്‍ത്താന്‍ ജനറല്‍ മോട്ടോര്‍സ് തയ്യാറെടുക്കുന്നത്.
സ്പെയ്ന്‍ , ബെല്‍ജിയം, പോളണ്ട്, ആസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഒപെല്ലിന്‍റെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും പ്രത്യേക യൂണിറ്റില്‍ നിന്നാണോ പിരിച്ചുവിടല്‍ നട ത്തുക എന്ന് ജനറല്‍ മോട്ടോര്‍സ് വ്യക്തമാക്കിയിട്ടില്ല. 1929 ലാണ് ജനറല്‍ മോട്ടോര്‍സ് ജര്‍മ്മന്‍ കമ്പനിയായ ഒപെല്ലിനെ ഏറ്റെടുത്തത്. 1863 ല്‍ സ്ഥാപിതമായ കമ്പനിയാണ് ഒപെല്‍.