രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനം ഇക്കുറി സര്‍വ്വകാല റെക്കോഡിലെത്തുമെന്ന് പെട്രോളിയം വകുപ്പ് മന്ത്രി മുരളി ദിയോറ പ്രതീക്ഷ പ്രകടിപ്പിച്ചു. ഉല്‍പാദന നിരക്ക് പതിനൊന്ന് ശതമാനം ഉയര്‍ന്ന് 36.708 മില്യന്‍ ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ ഇക്കണോമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 33.5 മില്യന്‍ ടണ്‍ ആയിരുന്നു രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനം. വര്‍ദ്ധിക്കുന്ന ക്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ 3.2 മില്യന്‍ ടണ്ണും രാജസ്ഥാനില്‍ നിന്നുമായിരിക്കുമെന്നും ദിയോറ കൂട്ടിച്ചേര്‍ത്തു.
പ്രകൃതിവാതക ഉല്‍പാദനത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. 50.211 ബില്യന്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഇക്കുറി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52.8 ശതമാനം ഉയര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷം 32.874 മില്യന്‍ ടണ്‍ മാത്രമായിരുന്നു ഉല്‍പാദനം.
എണ്ണ പ്രകൃതിവാതക ഉല്‍പാദനത്തില്‍ മുന്നേറുകയെന്നത് ഒരു നാഴികക്കല്ലാണെന്ന് ദിയോറ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകം കരകയറുന്നതിന്‍റെ സൂചനകള്‍ കാട്ടിത്തുടങ്ങിയതിനാല്‍ വില ഉയരുകയാണെങ്കിലും ക്രൂഡ് ഓയിലിന്‍റെ ആവശ്യകത ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദിയോറ പറഞ്ഞു. സാമ്പത്തിക സ്ഥിരതയ്ക്കായി പെട്രോളിയം ഉല്‍പന്നങ്ങളുടെ തടസമില്ലാത്ത വിതരണം നമുക്ക് ഉറപ്പുവരുത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.