ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്റ്റീല്‍ പ്ലാന്‍റ്: മിത്തല്‍ പുതിയ സ്ഥലം തേടുന്നു (ArcelorMittal seeks new sites in India to set up a steel plant)
Feedback Print Bookmark and Share
 
PRO
ഒറീസയിലും ജാര്‍ഖണ്ഡിലും സ്ഥലം ഏറ്റെടുക്കാന്‍ കാലതാമസം നേരിട്ടതോടെ നിര്‍ദ്ദിഷ്ട സ്റ്റീല്‍ പ്ലാന്‍റിനായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കാന്‍ ലക്ഷ്‌മി മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള ആര്‍സലര്‍ മിത്തല്‍ കമ്പനി ഒരുങ്ങുന്നു. എന്നാല്‍ ഏത് സംസ്ഥാനങ്ങളാണ് കമ്പനി ല‌ക്‍ഷ്യം വെക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

ഒറീ‍സയിലെ കിയോഞ്ജാര്‍ ജില്ലയില്‍ പ്ലാ‍ന്‍റ് സ്ഥാപിക്കാനിരുന്നത് പ്രദേശവാസികളുടെ പ്രക്ഷോഭം മൂലം അനന്തമായി നീളുകയാണ്. രണ്ട് സംസ്ഥാനങ്ങളിലും പ്ലാന്‍റ് സ്ഥാപിക്കാന്‍ ഉചിതമായ മറ്റ് സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ മിത്തല്‍ ഗ്രൂപ്പ് ഇരു സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനും കാലതാമസം നേരിട്ടാല്‍ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നീക്കം.

ഒരു ലക്ഷം കോടി രൂപയുടെ സ്റ്റീല്‍ ഉല്‍‌പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് ആര്‍സെലര്‍ മിത്തല്‍ ഗ്രൂപ്പ് ലക്‍ഷ്യമിടുന്നത്. പ്രതിവര്‍ഷം രണ്ട് പ്ലാന്‍റുകളില്‍ നിന്നായി 12 മില്യന്‍ ടണ്‍ സ്റ്റീല്‍ വീതം ഉല്‍‌പാദിപ്പിക്കാനാണ് പദ്ധതി. എന്നാല്‍ സ്ഥലമേറ്റെടുപ്പ് വൈകുന്നതില്‍ കമ്പനിക്ക് നിരാശയുണ്ടെന്ന് ആര്‍സെലര്‍ ഗ്രൂപ്പ് ധനകാര്യവിഭാഗം മേധാവി ആദിത്യമിത്തല്‍ പറഞ്ഞു.

ആര്‍സെലര്‍ ഗ്രൂപ്പിന് താല്‍‌പര്യമുണ്ടെങ്കില്‍ സ്ഥലം അനുവദിക്കാമെന്ന് കര്‍ണ്ണാടക താല്‍‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡില്‍ നിന്ന് ഇരുമ്പയിര് ഖനനം ചെയ്യാനുള്ള അനുമതി ആര്‍സലര്‍ മിത്തല്‍ സ്വന്തമാക്കിയിരുന്നു. ഒറീസയിലെയും ജാര്‍ഖണ്ഡിലെയും ധാതുസമ്പുഷ്ടതയാണ് സ്റ്റീല്‍ കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇന്ത്യയിലെ കല്‍ക്കരി നിക്ഷേപത്തിന്‍റെ എഴുപത് ശതമാനവും ഇരുമ്പയിര്‍ നിക്ഷേപത്തിന്‍റെ 55 ശതമാനവും ഇരു സംസ്ഥാനങ്ങളിലുമാണ്.

നേരത്തെ ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ കമ്പനിയായ പോസ്കോയും ഒറീസയില്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കിയിരുന്നു. എന്നാല്‍ ഇതും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിക്കിടക്കുകയാണ്. 2005 ലാണ് 12 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കി പ്ലാന്‍റ് സ്ഥാപിക്കാന്‍ പോസ്കോ താല്‍‌പര്യം പ്രകടിപ്പിച്ചിരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍