ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതി പൂര്‍ണ്ണമായി എടുത്തുകളയില്ലെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ സാമ്പത്തിക എഡിറ്റര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ രാസവള, എണ്ണ മേഖലയിലെ സബ്സിഡികള്‍ നീക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയേതര ചെലവുകള്‍ കുറയ്ക്കാനും ധനകമ്മി കുറയ്ക്കാനും ലക്‍ഷ്യമിട്ടാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും ധനകമ്മി 5.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രണബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പുസാമ്പത്തിക വര്‍ഷം ഇത് 6.8 ശതമാനമാണ്.
ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂടി വിറ്റഴിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും പ്രണബ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് 10 ശതമാനത്തില്‍ താഴെ ഓഹരിപങ്കാളിത്തമുള്ളതും ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുകയെന്നും പ്രണബ് പറഞ്ഞു.