വാഹന പ്രേമികള്‍ക്കായി ടാറ്റ കുടുംബത്തില്‍ നിന്ന് ഒരംഗം കൂടി. ബ്രിട്ടീഷ് പ്രതാപത്തിന്‍റെ പകിട്ടുചോരാതെ ടാറ്റ സ്വന്തമാക്കിയ ലാന്‍ഡ് റോവറിന്‍റെ പരിഷ്കരിച്ച മോഡല്‍ റേഞ്ച് റോവര്‍ 2010 (സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍) ആണ് ടാറ്റ വിപണിയിലെത്തിച്ചത്.
മുംബൈ ഷോറൂമില്‍ 98.5 ലക്ഷം രൂപയാണ് റേഞ്ച് റോവര്‍ മോഡലിന്‍റെ വില. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ വണ്ടികള്‍ പുറത്തിറക്കിയിട്ടുണ്ട്. ശക്തിയേറിയ എഞ്ചിനും വാഹനത്തിനകത്തെ ആഢംബര സജ്ജീകരണങ്ങളുമാണ് റേഞ്ച് റോവറിനെ ആകര്‍ഷകമാക്കുന്നത്.
നിലവില്‍ മുംബൈ ഷോറൂം വഴി മാത്രമായിരിക്കും വാഹനം വില്‍ക്കുക. മാര്‍ച്ചോടുകൂടി ആറ് നഗരങ്ങളിലെ ഷോറൂമുകളില്‍ കൂടി റേഞ്ച് റോവര്‍ 2010 ലഭ്യമാക്കാന്‍ ടാറ്റ നീക്കം നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡില്‍ നിന്ന് ജാഗൂര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് ടാറ്റ 2.3 ബില്യന്‍ യുഎസ് ഡോളറിന് സ്വന്തമാക്കുന്നത്. ഇതിന്‍റെ പരിഷ്കരിച്ച നിരവധി മോഡലുകള്‍ വിപണിയിലിറക്കുമെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിസ്കവറി 4 റേഞ്ച് റോവര്‍ സ്പോര്‍ട്ട്, റേഞ്ച് റോവര്‍ എന്നീ മോഡലുകള്‍ ലാന്‍ഡ് റോവര്‍ ജൂണ്‍ ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു.