ന്യൂഡല്‍ഹി, തിങ്കള്‍, 2 നവംബര്‍ 2009( 18:37 IST )
PRO
ഹ്യുണ്ടായ് കാറുകളുടെ വില്‍പന ഉയര്‍ന്നു. ഒക്ടോബറില്‍ 11 ശതമാനമാണ് വില്‍പന ഉയര്‍ന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര വിപണിയിലെ വില്‍പന 28,301 യൂണിറ്റായിട്ടാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 20,009 യൂണിറ്റായിരുന്നു. 41. 44 ശതമാനമാണ് ആഭ്യന്തര വില്‍പനയിലെ വര്‍ദ്ധന.
കഴിഞ്ഞ കുറച്ചുനാളുകളായി വിപണിയില്‍ അനുഭവപ്പെട്ട മാന്ദ്യത്തെ കവച്ചുവെക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് മാസത്തെ വില്‍പനയെന്ന് കമ്പനി വ്യക്തമാക്കി. ഉത്സവസീസണ്‍ ആയിരുന്ന രണ്ട് മാസവും ശക്തമായ വില്‍പനയാണ് നടന്നത്. ഇന്ത്യന്‍ വാഹന രംഗത്തെ വരാനിരിക്കുന്ന അനുകൂല ഫലങ്ങളാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് അരവിന്ദ് സക്സേന പറഞ്ഞു.
അതേസമയം കയറ്റുമതിയിനത്തില്‍ കമ്പനിക്ക് നേട്ടമുണ്ടാക്കാനായില്ല. കയറ്റുമതിയില്‍ 11.86 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 26,587 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇക്കുറി 23,435 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്യാനായത്.
സാന്‍ട്രോ ഐ ടെന്‍, ഐ ട്വന്‍റി, ഗെറ്റ്സ് പ്രൈം എന്നിവ 47,407 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. ആക്സന്‍റ് വെര്‍ണ്‍ന തുടങ്ങിയ മോഡലുകള്‍ 4,285 യുണിറ്റും വിറ്റഴിഞ്ഞു.