റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുമ്പന്‍മാരായ ഡിഎല്‍എഫ് രാജ്യത്ത് ഒരു ലക്‍ഷം വീടുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. 20 ലക്‍ഷം രൂപയില്‍ താഴെ വില വരുന്ന വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.
ഫ്ലാറ്റുകള്‍ക്കായി വന്‍ തുക മുടക്കാന്‍ ശേഷിയില്ലാത്തവരെ ലക്‍ഷ്യം വെച്ചാണ് പദ്ധതി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് നീക്കം. പുതിയ ബ്രാന്‍ഡ് നെയിമിലായിരിക്കും വീടുകള്‍ നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍തുക മുടക്കി ഫ്ലാറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് കമ്പനിയുടെ നീക്കം. നേരത്തെ ഡിഎല്‍എഫിന്‍റെ പ്രധാന എതിരാളികളായ യൂണിടെകും ഏതാണ്ട് സമാനമായ പദ്ധതിയുമായി രംഗത്തെത്തിയിരുന്നു.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഗാര്‍ഗൂണില്‍ ഇത്തരം വീടുകള്‍ക്ക് കമ്പനി തുടക്കമിടുമെന്നും വിവരമുണ്ട്. എന്നാല്‍ ഡിഎല്‍എഫ് വൃത്തങ്ങളില്‍ നിന്ന് പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗാര്‍ഗൂണില്‍ ഏതാണ്ട് പതിനായിരം വീടുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഗാര്‍ഗൂണ്‍ കൂടാതെ കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ലക്നൌ, ചണ്ടിഗഢ് എന്നിവിടങ്ങളിലാണ് ഡിഎല്‍എഫ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വിലവരുന്ന 2,000 വീടുകള്‍ നിര്‍മ്മിക്കുമെന്നായിരുന്നു യൂണിടെകിന്‍റെ പ്രഖ്യാപനം. യൂണി ഹോംസ് എന്ന പേരിലാണ് യൂണിടെക് ഈ വീടുകള്‍ നിര്‍മ്മിക്കുക.