തെരഞ്ഞെടുത്ത കയറ്റുമതി മേഖലകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നേപ്പാള്‍ ഈജിപ്ത് സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. എഞ്ചിനീയറിംഗ് മേഖലയും കരകൌശല മേഖലയും ഇപ്പോഴും മാന്ദ്യത്തിന്‍റെ പിടിയിലാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കയറ്റുമതി മേഖലയ്ക്ക് ഇളവുകള്‍ നല്‍കിയത്.
ഈ മാസം ഒടുവില്‍ സര്‍ക്കാര്‍ കയറ്റുമതി മേഖലയിലെ പുരോഗതി വിലയിരുത്തും. ഇതിന് ശേഷമാകും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണോ എന്ന് തീരുമാനിക്കുക. ആഭരണകയറ്റുമതി, പെട്രോളിയം ഉല്‍പന്നങ്ങള്‍, മരുന്നുകള്‍, ലെതര്‍, സമുദ്ര ഉല്‍പന്നങ്ങള്‍, തുടങ്ങിയവയുടെ കയറ്റുമതി മെച്ചപ്പെട്ടതായിട്ടാണ് വാണിജ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
എന്നാല്‍ മൊത്തം കയറ്റുമതിയില്‍ ഇപ്പോഴും ഇടിവ് തുടരുന്നതായിട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ട സെപ്തംബറിലെ കണക്കുകളിലും വ്യക്തമാകുന്നത്. ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ ഉയര്‍ന്ന കയറ്റുമതി നിരക്ക് 39.2 ശതമാനമായിരുന്നു.