രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ രണ്ടാം പാദ ഫലത്തില്‍ നേട്ടം. ഐസിഐസിയുടെ മൊത്തം സ്ഥാപനങ്ങളില്‍ 76 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 1,144.57കോടിയാണ് സഞ്ചിതലാഭം.
ബോംബെ ഓഹരി വിപണിയില്‍ ഐസിഐസിഐ സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കിന്‍റെ മൊത്തവരുമാനം രണ്ടാം പാദത്തില്‍ ഇടിഞ്ഞിട്ടുണ്ട്. 14,595.85 കോടി രൂപയാണ് രണ്ടാം പാദത്തിലെ മൊത്ത വരുമാനം. 15,590.46 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേസമയം നേടിയ മൊത്തവരുമാനം.
ഐസിഐസിഐ ആരോഗ്യപരിരക്ഷാ വിഭാഗത്തിലും മൊത്തം ബിസിനസിലുമുണ്ടായ നഷ്ടം കുറഞ്ഞതാണ് സഞ്ചിത ലാഭത്തില്‍ കുതിപ്പുണ്ടാകാന്‍ കാരണം. മറ്റ് വിഭാഗങ്ങളിലെ നേട്ടവും ലാഭമുയരാന്‍ കാരണമായി.
പലിശയിനത്തിലുള്ള വരുമാനത്തില്‍ പതിനഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 6,656.94 കോടി രൂപയാണ് പലിശയിനത്തില്‍ ലഭിച്ച വരുമാനം. ഐസിഐസിഐ ബാങ്കിന്‍റെ മാത്രം ലാഭം 1,040.13 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 2.56 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
ബാങ്കിന്‍റെ മാത്രം മൊത്തവരുമാനം 8,480. 73 കോടിയായി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 9,712 കോടി രൂപയായിരുന്നു.