ന്യൂഡല്‍ഹി, വെള്ളി, 16 ഒക്ടോബര്‍ 2009( 16:02 IST )
PRO
ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര ജൈവ സാങ്കേതിക നിയന്ത്രണ സമിതി അംഗീകാരം നല്‍കിയതിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയേക്കും എന്ന് സൂചന. ജി ഇ എ സിയുടെ നിര്‍ദ്ദേശം തള്ളിക്കളയാനാകില്ലെന്ന വനം, പരിസ്ഥിതി മന്ത്രി ജയറാം രമേഷിന്‍റെ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നത് ജനിതക വിത്ത് കൃഷിയിറക്കുന്നതിന് മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്നാണ്. ജനിതക വിത്തുകള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു നേരത്തെ ജയറാം രമേഷ് നേരത്തെ പറഞ്ഞിരുന്നത്.
കേന്ദ്ര ജൈവ സാങ്കേതിക നിയന്ത്രണ സമിതിയുടെ നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചാല്‍ മാത്രമേ വിത്ത് രാജ്യത്ത് കൃഷിയിറക്കാന്‍ സാധിക്കുകയുള്ളൂ. പരിസ്ഥിതി മന്ത്രാലയത്തിന് എതിര്‍പ്പില്ലെങ്കില്‍ ജൈവ വഴുതനങ്ങ ഉത്പാദിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും. ഇതോടെ മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് കമ്പനിക്ക് (മഹീകോ) വിത്ത് ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനാകും. നിലവില്‍ പരുത്തിയില്‍ മാത്രമാണ് ജനിതക കൃഷി ഇന്ത്യയില്‍ നടക്കുന്നത്.
ജനിതക വഴുതനയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയാല്‍ ഇത്തരത്തിലുള്ള ആദ്യ കാര്‍ഷിക വിളയാണ് ഇതിലൂടെ ഇന്ത്യയിലെത്തുക. കാര്‍ഷികരംഗത്ത് ഈ നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇത് കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. അന്‍പതോളം കാര്‍ഷിക ഉത്പന്നങ്ങളുടെ വിത്തുകളിലാണ് ഇന്ത്യയില്‍ ജനിതകമാറ്റം പരീക്ഷിക്കുന്നത്. ഇതില്‍ നാല്‍പ്പതെണ്ണവും ഭക്‍ഷ്യ വസ്തുക്കളാണ്.