ന്യൂഡല്‍ഹി, വ്യാഴം, 15 ഒക്ടോബര്‍ 2009( 14:56 IST )
PRO
രാജ്യത്ത് നാണയപ്പെരുപ്പത്തില്‍ നേരിയ ഉയര്‍ച്ച. ഒക്ടോബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 0.92 ആണ് നാണയപ്പെരുപ്പ നിരക്ക്. തൊട്ട് മുന്‍ ആഴ്ച ഇത് 0.70 ശതമാനമായിരുന്നു നാണയപ്പെരുപ്പം. ഭക്‍ഷ്യ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞയാഴ്ച ഗണ്യമായ കുറവുണ്ടായി.
തുടര്‍ച്ചയായ 13 ആഴ്ചകള്‍ പൂജ്യത്തിന് താഴെയായിരുന്ന നാണയപ്പെരുപ്പം സെപ്റ്റംബര്‍ ആദ്യവാരമാണ് പോസിറ്റീവ് നിരക്കിലെത്തിയത്. എങ്കിലും കഴിഞ്ഞ അഞ്ചാഴ്ചകളിലായി നിരക്ക് ഒരു ശതമാനത്തിന് താഴെയായിത്തന്നെ തുടരുകയാണ്.
ജൂണ്‍ ആറിന് അവസാനിച്ച ആഴ്ചയില്‍ മൊത്ത വില സൂചിക -1.61 ശതാമാനമായി ഇടിഞ്ഞതോടെയാണ് സാമ്പത്തിക മേഖലയില്‍ ഏറെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് രാജ്യത്ത് നാണ്യശോഷണം എന്ന അവസ്ഥ സംജാതമായത്. 1977ന് ശേഷം ആദ്യമായാണ് രാജ്യത്ത് നാണ്യശോഷണം അനുഭവപ്പെട്ടത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളുമാണ് നാണയപ്പെരുപ്പം ക്രമാതീതമായി ഇടിയാന്‍ കാരണമായത്.
അതേസമയം നാണയപ്പെരുപ്പത്തില്‍ ക്രമാനുഗതമായ ഉയര്‍ച്ച പ്രകടമാകും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരും റിസര്‍വ് ബാങ്കും വിലയിരുത്തുന്നത്. 2010 മാര്‍ച്ച് 31ന് നാണയപ്പെരുപ്പം നാല് ശതമാനത്തിലേക്ക് ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്‍റെ നിഗമനം.