ന്യൂഡല്‍ഹി, ബുധന്‍, 14 ഒക്ടോബര്‍ 2009( 19:36 IST )
നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കൈമാറാമെന്ന് സ്വിറ്റ്സാര്‍ലാന്‍ഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇതിനാവശ്യമായ നിയമഭേദഗതി വരുത്താന്‍ തയ്യാറാണെന്നും സ്വിറ്റ്സര്‍ലാന്‍ഡ് അറിയിച്ചിട്ടുണ്ട്.
സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ സ്വിറ്റ്സര്‍ലാന്‍ഡിനെ സമീപിച്ചത്. എന്നാല്‍ സ്വിസ് ബാങ്ക് അസോസിയേഷന്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ സ്വിസ് ബാങ്ക് ഭീമനായ യുബിഎസ് ഇത്തരത്തില്‍ നിക്ഷേപമുള്ള അമേരിക്കന്‍ പൌരന്‍മാരുടെ വിവരം നേരത്തെ അമേരിക്കയ്ക്ക് കൈമാറിയിരുന്നു.
ഇന്ത്യയുടെ ആവശ്യം മാനിച്ച് ഇരട്ട നികുതി ഉടമ്പടിയില്‍ ഭേദഗതി വരുത്തുമെന്ന് ഇന്ത്യയിലെ സ്വിസ് അമ്പാസഡര്‍ ഫിലിപ്പെ വെല്‍റ്റി ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നികുതിയില്‍ നിന്നൊഴിവാകാനുള്ള ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള അക്കൌണ്ടുകള്‍ക്ക് നികുതി നല്‍കുന്ന കാര്യവും സ്വിസ് ബാങ്ക് അസോസിയേഷന്‍ ആലോചിച്ചിരുന്നു. വിദേശരാജ്യങ്ങളിലെ കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യ സ്വിസ് അധികൃതരെ സമീപിച്ചത്.