വാഷിംഗ്ടണ്‍, ചൊവ്വ, 13 ഒക്ടോബര്‍ 2009( 11:36 IST )
ഗ്രേറ്റ് ഡിപ്രഷന് ശേഷം അമേരിക്ക സാക്‍ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിസന്ധിയായ സാമ്പത്തിക മാന്ദ്യം ഏതാണ്ട് അവസാനിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ പുറത്തിറങ്ങിയ ഒരു സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. അതേസമയം തൊഴില്‍ വിപണിയിലെ പ്രതിസന്ധി തുടരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എക്കോണമിക്സ് ആണ് സര്‍വേ നടത്തിയത്. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തുന്നതായി സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ നാല് പാദങ്ങളില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
2007 ഡിസംബര്‍ മാസത്തോടെയാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയത്. എങ്കിലും 2008 സെപ്റ്റംബറില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ ലെഹ്‌മാന്‍ ബ്രദേഴ്സ് തകര്‍ന്നതോടെയാണ് മാന്ദ്യത്തിന്‍റെ രൂക്ഷത ലോകം അറിഞ്ഞത്. നൂറിലധികം ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്.
അതേസമയം, മൊത്തം ആഭ്യന്തരോല്‍പാദനം നടപ്പ് വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ 2.9 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2009ല്‍ ഉല്‍പാദന വളര്‍ച്ച 2.5 ശതമാനത്തോളം കുറയുമെങ്കിലും അടുത്ത വര്‍ഷം 2.6 ശതമാനത്തിന്‍റെ ഉയര്‍ച്ച കൈവരിക്കാനാകും.
അതേസമയം തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധന തുടരുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയില്‍ പെട്ടന്നൊരു തിരിച്ചുവരവിന് സാധ്യതയില്ല. നിലവില്‍ പത്ത് ശതമാനത്തിന് മുകളിലാണ് തൊഴിലില്ലായ്മ നിരക്ക്.