പൊതുമേഖലാ സ്ഥാപനങ്ങളെ ശക്ത്പ്പെടുത്തുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നയമെന്ന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ ഇരുപത്തി ഒമ്പതാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രണബ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. കേന്ദ്രം സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന്‍റെ നയമെന്താണെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലും പതിനഞ്ചാം ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ പ്രസംഗത്തിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ദുര്‍ബലമാകുമെന്ന പ്രശ്നം ഉദിക്കുന്നില്ല. അവയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് - പ്രണബ് പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഓഹരി മൂല്യം 124 ശതമാനം വരെ ഉയര്‍ന്നതിന് ശേഷമാണ് അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മാത്രമല്ല, ഒഎന്‍ജിസി അടക്കമുള്ള മറ്റ് പൊതുമേഖലാ സംരംഭങ്ങളാണ് ഓഹരി വാങ്ങുന്നതെന്നും പ്രണബ് അറിയിച്ചു.