രാജ്യത്തെ ടെലികോം കമ്പനികള്‍ക്കിടയില്‍ താരിഫ് പോരാട്ടം മുറുകുന്നു. ഇതിന്‍റെ ഭാഗമെന്നോണം ഐഡിയ സെല്ലുലാര്‍ ഹിമാചല്‍ പ്രദേശിലെ വരിക്കാര്‍ക്ക് സെക്കന്‍ഡ് പള്‍സ് റേറ്റ് ഏര്‍പ്പെടുത്തി.
പുതിയ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് സെക്കന്‍റിന് ഒരു പൈസ നിരക്കില്‍ ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാനാകും. സെക്കന്‍ഡ് ബില്ലിംഗ് ഒരു നിര്‍ബന്ധ ഓപ്ഷനാക്കണമെന്ന് കഴിഞ്ഞയാഴ്ച ടെലികോം റെഗുലേറ്ററായ ട്രായ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ കമ്പനിയാണ് ഐഡിയ.
ഹിമാചല്‍ പ്രദേശിലെ വരിക്കാര്‍ക്ക് താരിഫ് നിരക്കില്‍ വന്‍ ഇളവുകളും ഐഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. ‘സൂപ്പര്‍ സരള്‍’ പദ്ധതിക്ക് കീഴില്‍ ലോക്കല്‍ കോളിന് മിനുറ്റിന് 40 പൈസയും എസ്ടിഡി കോളുകള്‍ക്ക് മിനുറ്റിന് 60 പൈസയുമായിരിക്കും ഈടാക്കുക. പുതിയ താരിഫ് പ്ലാന്‍ ലഭ്യമാക്കാന്‍ നിലവിലെ വരിക്കാര്‍ 26 രൂപയുടെയും പുതിയ വരിക്കാര്‍ 48 രൂപയുടെയും ഒരു വൌച്ചര്‍ വാങ്ങേണ്ടതുണ്ട്.
മൊബൈല്‍ കമ്പനിയായ ടാറ്റ ഇന്‍ഡികോം ആണ് സെക്കന്‍ഡ് ബില്ലിംഗ് എന്ന സംവിധാനം അവതരിപ്പിച്ചത്. പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് ഈ സംവിധാനം പിന്തുടരാനും ഉപഭോക്താക്കള്‍ക്ക് ഇത് ആശ്വാസകരമാകുമെന്നും മറ്റ് കമ്പനികളോട് ട്രായ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ കമ്പനികള്‍ ഈ നീക്കത്തെ ആശങ്കയോടെയാണ് വീക്ഷിച്ചത്. നിലവിലെ ബാധ്യതകള്‍ ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തുകയും ചെയ്തിരുന്നു