സത്യം ക്രമക്കേട് കേസില്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിനെതിരെയുള്ള കുറ്റപത്രം സി ബി ഐ ഉടന്‍ സമര്‍പ്പിക്കും. കഴിഞ്ഞ മാസം 20നാണ് സത്യം കമ്പ്യൂട്ടേഴ്സില്‍ കുംഭകോണം നടത്തിയതിനു സിബിഐ കേസ് ഫയല്‍ ചെയ്തത്.
ധന ദുര്‍വിനിയോഗം, അഴിമതി, അനധികൃതമായി സ്വത്തു സമ്പാദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജുവിനുമേല്‍ സിബിഐ ചുമത്തിയിരിക്കുന്നതെന്ന് കോര്‍പറേറ്റ് അഫയേര്‍സ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി രാജുവിനേയും സഹോദരനേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു.
കമ്പനി കണക്കുകളില്‍ 7,800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. സര്‍ക്കാരിന്‍റെയും ഓഡിറ്റര്‍മാരുടെയും സമയോചിത ഇടപെടലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കമ്പനിയെ രക്ഷിച്ചത്. ഓഹരി ഇടപാടിലൂടെ സത്യത്തെ ടെക് മഹീന്ദ്ര ഏറ്റെടുത്തിട്ടുണ്ട്.