ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ആദ്യത്തെ ത്രീഡി ക്യാമറയുമായി ഫ്യൂജിഫിലിം (FUJI introduces 3D camera)
 
PRO
ഫോട്ടോകളും വീഡിയോയും ത്രിമാന രീതിയില്‍ എടുക്കാന്‍ പറ്റുന്ന ആദ്യത്തെ ക്യാമറയുമായി ഫ്യൂജിഫിലിം ഇന്ത്യന്‍ വിപണിയില്‍. ജപ്പാനിലെ ഫ്യൂജിഫിലിം കോര്‍പ്പറേഷന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഫ്യൂജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ക്യാമറ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ത്രിമാന രീതിയില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നത് ഫ്യൂജിഫിലിംസിന്റെ ‘ഫൈന്‍‌പിക്സ് റിയല്‍ ത്രിഡി സിസ്റ്റം’ എന്ന സാങ്കേതികതയാണ്.

ക്യാമറയില്‍ നിന്ന് ത്രിഡി ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന എസ്ഡി മെമ്മറി കാര്‍ഡെടുത്ത് ത്രിഡി വ്യൂവറില്‍ ഇടുകയേ വേണ്ടൂ. കണ്ണടയുടെ സഹായമില്ലാതെ, നഗ്നനേത്രങ്ങള്‍ കൊണ്ട് ത്രിമാന ചിത്രങ്ങള്‍ കാണാം. ഫോട്ടോഗ്രഫി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന ‘ഫൈന്‍‌പിക്സ് റിയല്‍ ത്രിഡി സിസ്റ്റം’ സാങ്കേതികതയില്‍ ത്രിഡി ക്യാമറയും ത്രിമാന ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന വ്യൂവറും ത്രിഡി പ്രിന്ററുമാണുള്ളത്.

“ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിക്കുന്ന ഉല്‍‌പന്നങ്ങള്‍ എത്തിക്കുന്നതില്‍ ഫ്യൂജിഫിലിം പ്രതിജ്ഞാബദ്ധമാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ക്യാമറാ വിപണിയുടെ പതിനഞ്ച് ശതമാനം പിടിച്ചടക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. അതിനായി ലോകത്തില്‍ ആദ്യമായി പുറത്തുവരുന്ന ഉല്‍‌പന്നങ്ങളും ഞങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും” - ഫ്യൂജിഫിലിം ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടര്‍ കെനിച്ചി തനാക പറയുന്നു.

“ഡിജിറ്റല്‍ ക്യാമറ ആദ്യമായി കണ്ടുപിടിക്കുന്നത് ഫ്യൂജിഫിലിംസാണ്. ഈ രംഗത്തെ ഏറ്റവും പരിചയസമ്പന്നതയുള്ള കമ്പനി എന്ന നിലയില്‍ പുതിയ സാങ്കേതികതകള്‍ പരിചയപ്പെടുത്തുന്നത് ഞങ്ങള്‍ തുടരും. ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാകും. ഓരോ ഫ്യൂജി ഡിജിറ്റല്‍ ക്യാമറയും നിങ്ങള്‍ക്ക് തരിക പൈസയ്ക്കുള്ള മൂല്യവും ഒപ്പം ഏറ്റവും പുതിയ സാങ്കേതികതയുമാണ്” - ഫ്യൂജിഫിലിം ഇന്ത്യയുടെ ജനറല്‍ മാനേജര്‍ എ രാജ്‌കുമാര്‍ പറയുന്നു.

ഫ്യൂജി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ത്രിഡി ഡിജിറ്റല്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് രണ്ട് ഫ്യൂജി‌നോണ്‍ ലെന്‍സുകളാണ്. രണ്ട് ലെന്‍സുകള്‍ ഉപയോഗിച്ചാലും സൂം ചെയ്യാനുള്ള ശേഷി ഈ ക്യാമറയ്ക്ക് ഉണ്ടായിരിക്കും. ലെന്‍സുകളില്‍ നിന്നും രണ്ട് സിസിഡി സെന്‍സറുകളില്‍ നിന്നും വരുന്ന ഡാറ്റയെ കൂട്ടിയോജിപ്പിച്ച് ത്രിമാന ചിത്രമാക്കാനുള്ള ആര്‍‌പി പ്രോസസ്സര്‍ ത്രിഡി ഈ ക്യാമറിയിലെ മറ്റൊരു പ്രത്യേകതയാണ്.

ത്രിഡി ചിത്രങ്ങള്‍ക്കൊപ്പം ടുഡി ചിത്രങ്ങളും വീഡിയോകളും ഈ ക്യാമറ ഉപയോഗിച്ച് എടുക്കാവുന്നതാണ്. ഷട്ടര്‍ ഒരിക്കല്‍ മാത്രം അമര്‍ത്തിക്കൊണ്ട് രണ്ട് ചിത്രങ്ങള്‍ എടുക്കാവുന്നതടക്കം ഒട്ടെറെ പുതിയ സാങ്കേതികതകള്‍ ഈ ക്യാമറയിലുണ്ട്. ക്യാമറിയെ ചിത്രങ്ങള്‍ വ്യൂവറിലേക്കും കമ്പ്യൂട്ടറിലേക്കും മാറ്റുന്നതിനായി ഇന്‍‌ഫ്രാറെഡ് സാങ്കേതികതയും ഇതിലുണ്ട്. ഫൈന്‍‌പിക്സ് റിയല്‍ ത്രിഡി ഡബ്ലിയൂ1 ക്യാമറയ്ക്ക് 39,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍