ന്യൂഡല്‍ഹി, വ്യാഴം, 1 ഒക്ടോബര്‍ 2009( 13:42 IST )
PRO
രാജ്യത്ത് നാണയപ്പെരുപ്പം പോസിറ്റീവായി തുടരുന്നു. സെപ്റ്റംബര്‍ 19ന് അവസാനിച്ച ആഴ്ചയില്‍ 0.83 ശതമാനമായി നാണയപ്പെരുപ്പം ഉയര്‍ന്നു. തൊട്ട് മുന്‍ ആഴ്ച 0.37 ശതമാനമായിരുന്നു നാണയപ്പെരുപ്പം.
ജൂണ്‍ ആറിന് അവസാനിച്ച ആഴ്ചയില്‍ മൊത്ത വില സൂചിക -1.61 ശതാമാനമായി ഇടിഞ്ഞതോടെയാണ് സാമ്പത്തിക മേഖലയില്‍ ഏറെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് രാജ്യത്ത് നാണ്യശോഷണം എന്ന അവസ്ഥ സംജാതമായത്.
മൊത്ത വില സൂചിക റെക്കോര്‍ഡ് ഉയരത്തില്‍ എത്തി ഒരു വര്‍ഷത്തിന് ശേഷമാണ് നാണയപ്പെരുപ്പം കുത്തനെയിടിഞ്ഞ് ജൂണ്‍ ആറിന് അവസാനിച്ച ആഴ്ച പൂജ്യത്തിനും താഴെയെത്തിയത്. 1977ന് ശേഷം ആദ്യമായാണ് രാജ്യത്ത് നാണ്യശോഷണം അനുഭവപ്പെട്ടത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളുമാണ് നാണയപ്പെരുപ്പം ക്രമാതീതമായി ഇടിയാന്‍ കാരണമായത്.
അതേസമയം നാണയപ്പെരുപ്പത്തില്‍ ക്രമാനുഗതമായ ഉയര്‍ച്ച പ്രകടമാകും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരും റിസര്‍വ് ബാങ്കും വിലയിരുത്തുന്നത്. 2010 മാര്‍ച്ച് 31ന് നാണയപ്പെരുപ്പം ഒമ്പത് ശതമാനത്തിലേക്ക് ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്‍റെ നിഗമനം.