ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഫെഡറല്‍ ബാങ്ക് സാമ്പത്തിക പരിശോധന തുടങ്ങി (Federal bank begins economic scrutiny in CSB)
 
കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ സാമ്പത്തിക പരിശോധന തുടങ്ങിയതായി കാണിച്ച്‌ ഫെഡറല്‍ ബാങ്ക്‌ ബോംബെ സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഏറ്റെടുക്കലിന്‌ ഫെഡറല്‍ ബാങ്ക്‌ ഡയറക്ടര്‍ ബോര്‍ഡ്‌ ഞായറാഴ്‌ച അനുമതി നല്‌കിയതിനെത്തുടര്‍ന്നാണ്‌ ഇതു സംബന്ധിച്ച നടപടി തുടങ്ങിയത്‌.

തൃശൂര്‍ ആസ്ഥാനമായ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ ഫെഡറല്‍ ബാങ്കില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 2008 മധ്യത്തോടെ ഫെഡറല്‍ ബാങ്ക്‌ കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ അഞ്ചു ശതമാനത്തോളം ഓഹരി വാങ്ങിയിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്‌ ആകെ 612 ശാഖകളുണ്ട്‌. ജൂണ്‍ 30ന്‌ അവസാനിച്ച പാദത്തില്‍ 136 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്‍റെ അറ്റാദായം‌. മുന്‍ വര്‍ഷമിത്‌ 68.15 കോടിയായിരുന്നു. 2008-09 വര്‍ഷത്തെ അറ്റാദായം 500 കോടി രൂപയാണ്‌.

എങ്കിലും ലയനം പൂര്‍ത്തിയാക്കാന്‍ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്. പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സി‌എസ്‌ബി ഓഹരികള്‍ക്ക് വില നിശ്ചയിക്കണം. ഇരു ബാങ്കുകളും ഓഹരി കൈമാറ്റ അനുപാതം സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തണം. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇരു ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡിന്‍റെ അനുമതിയും നേടണം.

അതേസമയം, ബാങ്ക് ലയനത്തിന് തൃശൂര്‍ അതിരൂപതയുടെ ശക്തമായ എതിര്‍പ്പുണ്ടാകും. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഉപാധികളോടെയുള്ള ലയനത്തിന് അനുകൂലമാകാന്‍ സാധ്യതയില്ല. അനൌദ്യോഗികമായി അംഗീകരിച്ച വില നല്‍കാനാ‍വാത്തതിനാല്‍ ഓഹരി കൈമാറ്റ അനുപാതത്തെക്കുറിച്ച് തര്‍ക്കമുണ്ടായേക്കാനും സാധ്യതയുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍