ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ലൂയിസ് ക്രൂയിസസ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി (Louis Cruises India launched with Kochi as its homeport)
 
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഓപറേറ്റര്‍മാരിലൊരാളായ ലൂയിസ് ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ലൂയിസ് ക്രൂയിസസ് ഇന്ത്യ കൊച്ചിയെ ഹോം പോര്‍ട്ടാക്കി ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിറ്ററേനിയന്‍ ആസ്ഥാനമായ മുന്‍‌നിര ടൂറിസം സ്ഥാപനമായ ലൂയിസ് ഗ്രൂപ്പിന്‍റെ ശ്രേണിയില്‍ 12 ക്രൂയിസ് കപ്പലുകളാണുള്ളത്.

ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി കേരള ടൂറിസവുമായി ലൂയിസ് ക്രൂയിസസ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ എം ശിവശങ്കറും ലൂയിസ് ക്രൂയിസസ് ഇന്ത്യയ്ക്ക് വേണ്ടി സെയില്‍‌സ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ വിജയ് പുത്രനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

അഞ്ചു വര്‍ഷത്തേക്കുള്ളതാണ് ധാരണാപത്രം. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതലായി കടന്ന് ചെല്ലാന്‍ കേരളാ ടൂറിസത്തേയും ലൂയിസ് ക്രൂയിസസിനേയും ഇത് പ്രാപ്തമാക്കും. ലൂയിസ് ക്രൂയിസസ് ഇന്ത്യ കൊച്ചിയില്‍ നിന്ന് 2009 ഡിസംബര്‍ മുതല്‍ 2010 മെയ് വരെ ആഴ്ചതോറും മൂന്ന് രാത്രികള്‍ നീളുന്ന യാത്രകള്‍ നടത്തും. 1200 പേരെ വഹിക്കാന്‍ ശേഷിയുള്ള അക്വാമറൈന്‍ എന്ന ആഡംബര യാത്രാകപ്പല്‍ കൊച്ചി - മാലദ്വീപ് - കൊച്ചി, കൊച്ചി - കൊളംബോ - കൊച്ചി എന്നീ സെക്ടറുകളിലാണ് യാത്ര നടത്തുക.

ക്രൂയിസ് ടൂറിസം രംഗത്ത് കൊച്ചി സുപ്രധാന ലക്‍ഷ്യ സ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഇവിടേക്കുള്ള രാജ്യാന്തര ക്രൂയിസ് ലൈനറുകളുടെ എണ്ണം സൂചിപ്പിക്കുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രാദേശിക സമൂഹത്തിന് പുതിയ തൊഴിലുകള്‍ നല്‍കുന്നതിന് പുറമെ കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാനും ഇത് ഉപകരിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സമീപകാലത്ത് നടന്ന ആഗോള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏഷ്യയിലെ മൂന്നാമത്തെ മികച്ച അവധിക്കാല ലക്‍ഷ്യസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 16.11 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 14 ശതമാനവും വര്‍ധനയാണുണ്ടായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍