വാഷിംഗ്ടണ്‍, ശനി, 19 സെപ്റ്റംബര്‍ 2009( 11:00 IST )
അമേരിക്കയിലെ 42 സംസ്ഥാനങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ തൊഴില്‍ നഷ്ടം രേഖപ്പെടുത്തി. ജൂലൈയില്‍ 29 സംസ്ഥാനങ്ങളില്‍ മാത്രമാണ് തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയത്. ടെക്സാസ്, മിഷിഗാന്‍, ജോര്‍ജിയ, ഒഹിയൊ എന്നിവിടങ്ങളിലാണ് ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചത്.
27 സംസ്ഥാനങ്ങളില്‍ തൊഴില്‍ നഷ്ട നിരക്ക് വര്‍ദ്ധിച്ചതായി ലേബര്‍ ഡിപാര്‍ട്മെന്‍റ് വിലയിരുത്തി. 14 സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡിസിയിലും തൊഴില്‍ നഷ്ട നിരക്ക് പത്ത് ശതമാനത്തേക്കാള്‍ കൂടുതലാണ്.
സാമ്പത്തിക മാന്ദ്യത്തിന്‍റെ രൂക്ഷത പ്രകടമായി കുറഞ്ഞിട്ടുണ്ടെങ്കിലും തൊഴില്‍ വിപണിയില്‍ ശക്തമായ പ്രതിസന്ധി തുടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസില്‍ സാമ്പത്തിക മാന്ദ്യം സാങ്കേതികമായെങ്കിലും അവസാനിച്ചതായി ഫെഡറല്‍ റിസേര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍നാന്‍ക് ഈ ആഴ്ച ആദ്യം അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ 9.7 ശതമാനമാണ് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക്. അടുത്ത വര്‍ഷം ഇത് പത്ത് ശതമാനത്തിന് മുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം തൊഴില്‍ നഷ്ടത്തിന്‍റെ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. ജൂലൈയില്‍ 276,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെങ്കില്‍ ഓഗസ്റ്റില്‍ 216,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2007 ഡിസംബറില്‍ മാന്ദ്യം അനുഭവപ്പെട്ടതുമുതല്‍ ഏതാണ്ട് 6.9 മില്യണ്‍ ആളുകള്‍ക്ക് യുഎസില്‍ തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.