ന്യൂഡല്‍ഹി, വെള്ളി, 18 സെപ്റ്റംബര്‍ 2009( 17:24 IST )
സാമ്പത്തിക മേഖല തിരിച്ച് വരവ് നടത്തുന്നതോടൊപ്പം തൊഴില്‍ മേഖലയും മെച്ചപ്പെട്ടുവരുന്നതായി പ്രമുഖ പോര്‍ട്ടലായ നൌക്രി വിലയിരുത്തി. വരും പാദങ്ങളില്‍ തൊഴില്‍ മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നൌക്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സഞ്ജീവ് ബിക്‍ചന്ദനി പറഞ്ഞു.
അതേസമയം ഐടി സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ച്ച നേരിട്ട തൊഴില്‍ വിപണി ഓഗസ്റ്റില്‍ വീണ്ടും ഇടിവ് നേരിട്ടിരുന്നു. ഓഗസ്റ്റില്‍ നിയമനങ്ങളില്‍ തൊട്ട് മുന്‍ മാസത്തെ അപേക്ഷിച്ച് 3.6 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്.
ആഗോള സാമ്പത്തിക മാന്ദ്യം ആഭ്യന്തര വിപണികളേയും ബാധിച്ച സാഹചര്യത്തില്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത്. കയറ്റുമതി മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചത്.