ന്യൂഡല്‍ഹി, വെള്ളി, 18 സെപ്റ്റംബര്‍ 2009( 14:45 IST )
പ്രതിസന്ധി നേരിട്ട സമയത്ത് ‘സത്യ‘ത്തില്‍ സര്‍ക്കാര്‍ നിയമിച്ച കമ്പനി ഡയറക്ടര്‍ ബോര്‍ഡിന് ഡാറ്റ ക്വസ്റ്റ് അവാര്‍ഡ്. വന്‍ പ്രതിസന്ധിയില്‍ നിന്ന് കമ്പനിയെ രക്ഷിക്കാന്‍ ബോര്‍ഡ് നടത്തിയ ശ്രമങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്.
സാധാരണ വ്യക്തികള്‍ക്കാണ് സൈബര്‍ മീഡിയ ഏര്‍പ്പെടുത്തിയ ‘ഡാറ്റ ക്വസ്റ്റ് പേഴ്സണ്‍ ഓഫ് ദ ഇയര്‍‘ അവാര്‍ഡ് നല്‍കാറുള്ളത്. എന്നാല്‍ കിരണ്‍ കാര്‍ണികിന്‍റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹനായത്. താജ് പാലസ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ലൈഫ് അക്ചീവ്‌മെന്‍റ് അവാര്‍ഡിന് അര്‍ഹനായി. ഓണ്‍മൊബൈലിലെ അരവിന്ദ് റാവു പാത്ത് ബ്രേക്കര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. 16 വിഭാഗങ്ങളിലായാണ് അവാര്‍ഡ് സമ്മാനിച്ചത്.
കമ്പനി കണക്കുകളില്‍ 7,800 കോടി രൂപയുടെ അഴിമതി നടന്നെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. സര്‍ക്കാരിന്‍റെയും ഓഡിറ്റര്‍മാരുടെയും സമയോചിത ഇടപെടലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കമ്പനിയെ രക്ഷിച്ചത്.