ചെന്നൈ ആസ്ഥാനമായി 700 കോടി രൂപ വിറ്റുവരവുള്ള ഉപഭോക്തൃ ഉല്‌പന്ന നിര്‍മാതാക്കളായ കാവിന്‍ കെയറിന്‍റെ പ്രമുഖ ഉല്‍പന്നമായ കാവിന്‍സ് പാല്‍ കേരളത്തില്‍ പുറത്തിറക്കി. അപകടകരമായ രാസവസ്തുക്കള്‍ കണ്ടതിനെത്തുടര്‍ന്ന് മൂന്ന് സ്വകാര്യ കമ്പനികളുടെ പാല്‍ വിതരണം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് കാവിന്‍ കെയറിന്‍റെ രംഗ പ്രവേശനം.
ഉല്‍പന്നങ്ങള്‍ മൂന്ന് വ്യത്യസ്ത രൂപങ്ങളില്‍ ലഭ്യമാവുമെന്ന് ജനറല്‍ മാനേജര്‍ എസ് കണ്ണന്‍ പറഞ്ഞു. കാവിന്‍സ് ടോണ്‍ഡ് മില്‍ക്, കാവിന്‍സ് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക്, കാവിന്‍സ് ഫുള്‍ ക്രീം മില്‍ക്ക് എന്നിങ്ങനെ മൂന്ന് രൂപത്തിലായിരിക്കും ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുക. കേരളത്തിലെ വര്‍ദ്ധിച്ച പാലുഭഭോഗമാണ് സംസ്ഥാനത്തേക്ക് തങ്ങളെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കണ്ണന്‍ പറഞ്ഞു.
പാന്‍-ഇന്ത്യ അടിസ്ഥാനത്തില്‍ പാലുല്‍പന്ന വ്യാപാരം വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കേരളത്തിലേക്കുള്ള പ്രവേശനം ഇതിന്‍റെ ആദ്യപടിയാണ്. കൂടുതല്‍ പാലുല്‍പന്നങ്ങള്‍ വിപണിക്ക് പരിചയപ്പെടുത്താനും ഒന്ന് രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്ത് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ വില്‍പന നടത്താനുമാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്നും കണ്ണന്‍ അറിയിച്ചു.
ഭക്‍ഷ്യ, വ്യക്തിഗത ഉല്‌പന്ന മേഖലകളില്‍ പ്രശസ്‌തമായ കാവിന്‍ കെയര്‍ വൈവിധ്യവത്‌കരണത്തിന്‍റെ ഭാഗമായാണ് ക്ഷീര മേഖലയിലേക്ക് കടന്നത്. 2012-ഓടെ ഗ്രൂപ്പിന്‍റെ വിറ്റുവരവ് 5200 കോടി രൂപയിലെത്തിക്കാനാണ് പദ്ധതി. ക്ഷീര മേഖലയില്‍ നടപ്പുവര്‍ഷം 70 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക.