സിംഗപ്പൂര്‍, ബുധന്‍, 19 ഓഗസ്റ്റ് 2009( 14:44 IST )
യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് എന്നിവയെ അപേക്ഷിച്ച് ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥ വേഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വിവിധരാജ്യങ്ങള്‍ പ്രഖ്യാപിച്ച നിരവധി ഉത്തേജന പാക്കേജുകളും ചൈനയില്‍ ആഭ്യന്തര ഉപഭോഗം ഉയര്‍ന്നതുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്ന സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവ നടപ്പ് വര്‍ഷത്തിന്‍റെ രണ്ടാം പാദത്തോടെ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവയുടെ പ്രധാന കയറ്റുമതി വിപണികളായ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഉപഭോഗം ഇനിയും മെച്ചപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ തന്നെയാണിത്.
ജനസംഖ്യ കൂടുതലുള്ള ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നിവയും വളര്‍ച്ച പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടാം പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന് സാധിച്ചു. സര്‍ക്കാരിന്‍റെ ഉത്തേജന പാക്കേജുകളാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ടാരോ അസോ വിലയിരുത്തുന്നത്.
അതേസമയം യുഎസ് സമ്പദ് വ്യവസ്ഥ രണ്ടാം പാദത്തില്‍ 1.0 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തിരിച്ചുവരവിന്‍റെ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സ്ഥിതി അത്ര മെച്ചമല്ല.