റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ കിഴക്കന്‍ തീര ഫീല്‍ഡുകളില്‍ നിന്നുള്ള വാതക വില്‍പന ഉയര്‍ന്നു. ദിവസം 35 മില്യണ്‍ ക്യുബിക് മീറ്ററായാണ് വില്‍പന ഉയര്‍ന്നത്. ഏപ്രിലില്‍ ഉല്‍പാദനം തുടങ്ങിയതിന് ശേഷം ആദ്യമായാണ് വില്‍പന ഇത്രയധികം ഉയരുന്നത്.
60 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ആണ് ഫീല്‍ഡിലെ മൊത്തം ഉല്‍പാദന ക്ഷമത. എങ്കിലും 40 എംഎംഎസ്‌സിഎംഡിക്ക് പുറത്ത് ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രത്നഗിരി ഗ്യാസ് ആന്‍റ് പവറിന് 2.7 എംഎംഎസ്‌സിഎംഡി വാതകമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ അവസാനം വരെ പെട്രോനെറ്റ് എല്‍എന്‍ജിയുമായി കരാറുള്ളതിനാല്‍ ഇതുവരെയും കെജി ഡി6 ഫീല്‍ഡില്‍ നിന്ന് വാതകം ലഭ്യമാക്കാന്‍ തുടങ്ങിയിട്ടില്ല. എന്‍ടിപിസിക്ക് 2.67 എംഎംഎസ്‌സിഎംഡി വാതകമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കമ്പനി ഇതുവരെയും ആര്‍ഐഎല്ലുമായി കരാറില്‍ ഒപ്പുവച്ചിട്ടില്ല.
ആര്‍ജിപിപിഎല്‍ പ്ലാന്‍റ് തുടങ്ങിയാല്‍ ആര്‍ഐഎല്ലിന്‍റെ വാതക വില്‍പന ദിവസം 40 എംഎംഎസ്‌സിഎംഡിക്ക് മുകളിലെത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഫെര്‍ട്ടിലൈസര്‍ സംരംഭങ്ങളും പവര്‍ സംരംഭങ്ങളും സ്റ്റീല്‍ നിര്‍മ്മാതാക്കളുമാണ് കെജി ഡി 6 ഫീല്‍ഡില്‍ നിന്നുള്ള വാതകത്തിന്‍റെ പ്രധാന ഉപഭോക്താക്കള്‍.