അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്ന് സര്‍വേ. റിക്രൂട്ട്‌മെന്റ് കമ്പനിയായ എല്‍ഡെല്‍വീസ് സെക്യൂരിറ്റീസ് നടത്തിയ സര്‍വേയാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളെയാണ് എല്‍ഡെല്‍വീസ് സെക്യൂരിറ്റീസ് ഈ സര്‍വേക്കായി സമീപിച്ചത്.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ തൊഴിലവസര മാന്ദ്യത്തിന് അല്‍പം കുറവുണ്ടാകുമെന്ന് എഴുപത് ശതമാനം റിക്രൂട്ടിംഗ് കമ്പനികളും വിശ്വസിക്കുന്നു. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് 53 ശതമാനം റിക്രൂട്ടിംഗ് കമ്പനികളും അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് 69 ശതമാനം റിക്രൂട്ടിംഗ് കമ്പനികളും സാക്‌ഷ്യപ്പെടുത്തുന്നു.
തൊഴിലവസരത്തിന്റെ കാര്യത്തില്‍, ഐടി ഒഴിച്ച്, എല്ലാ വ്യവസായ മേഖലകളും മെച്ചപ്പെടുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഐടി മേഖല മെച്ചപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും സര്‍വേ പറയുന്നു.
തൊഴിലവസര മാന്ദ്യത്തിന് കുറവുവരുന്നതും ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും വീണ്ടുമൊരു റിയല്‍ എസ്റ്റേറ്റ് ബൂമിന് വഴിവയ്ക്കുമെന്നും സര്‍വേ നടത്തിയ എല്‍ഡെല്‍വീസ് സെക്യൂരിറ്റീസ് പ്രവചിക്കുന്നു. |